വസതിയില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ ഭാര്യയെ മണിക്കൂറുകളോളം ബന്ധിയാക്കിയെന്നു ജെഎന്‍യു വിസി

Update: 2019-03-25 20:21 GMT

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ചു സമരം തുടരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ ആരോപണവുമായി വൈസ്ചാന്‍സിലര്‍ എം ജഗദീഷ് കുമാര്‍. സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ തന്റെ വസതിയില്‍ അതിക്രമിച്ചു കയറിയെന്നും ഭാര്യയെ മണിക്കൂറുകളോളം ബന്ധിയാക്കിയെന്നും വിസി ആരോപിച്ചു. സമരത്തിന്റെ പേരു പറഞ്ഞ് നൂറുകണക്കിനു വിദ്യാര്‍ഥികളാണ് താനില്ലാത്ത നേരത്തു തന്റെ വസതിയില്‍ അതിക്രമിച്ചു കയറിയത്. വീടിനു കേടുപാടുകള്‍ വരുത്തിയ അവര്‍ ഭാര്യയെ മണിക്കൂറുകളോളമാണ് ബന്ധിയാക്കിയത്. ഇങ്ങനെയാണോ സമരം നടത്തുക. ഒരു സ്ത്രീ തനിച്ചുള്ളിടത്ത് ചെന്ന് ഇത്തരത്തില്‍ ചെയ്യുന്നതാണോ സമരമെന്നും വിസി ചോദിച്ചു. അതേസമയം വിസിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു വിദ്യാര്‍ഥി നേതാക്കള്‍ പ്രതികരിച്ചു. ദിവസങ്ങളായി നിരാഹാര സമരത്തിലുള്ള വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണു വിസിയുടെ വസതിയിലേക്കു പോവേണ്ടി വന്നത്. വിസിയെ കണ്ടു സംസാരിക്കാനാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ മോശമായി പെരുമാറുകയായിരുന്നു. ഇതിനിടെ നിരാഹാര സമരത്തിലുള്ള വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് എന്‍ സായി ബാലാജി തളര്‍ന്നു വീണു. ഇതേ തുടര്‍ന്നു വിദ്യാര്‍ഥികള്‍ പ്രകോപിതരാവുകയും ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അകത്തേക്കു പ്രവേശിച്ചില്ലെന്നും മുദ്യാവാക്യം വിളിച്ചശേഷം തിരികെ പോരുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. 

Tags:    

Similar News