പൗരത്വബില്‍: പാര്‍ലമെന്റിനു സമീപം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു മണിപ്പൂര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

200ലധികം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. പ്രതിഷേധിച്ച 60 വിദ്യാര്‍ത്ഥികളെ പോലസ് അറസ്റ്റു ചെയ്തു. ബില്ലിനെതിരേ ന്യൂഡല്‍ഹിയിലും ഷില്ലോങിലും ഇംഫാലിലുമടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധപരിപാടികള്‍ അരങ്ങേറി.

Update: 2019-01-31 10:07 GMT

ന്യൂഡല്‍ഹി/ ഇംഫാല്‍/ഷില്ലോങ്: പൗരത്വ (ഭേദഗതി) ബില്ലിനെതിരായ പ്രതിഷേധം വ്യാപിക്കുന്നു. ബില്ലിനെതിരേ ന്യൂഡല്‍ഹിയിലും ഷില്ലോങിലും ഇംഫാലിലുമടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധപരിപാടികള്‍ അരങ്ങേറി. മണിപ്പൂരില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്തുണ അര്‍പിച്ചു ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റിനു സമീപം വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ആറു സംഘടനകളുടെ നേതൃത്ത്വത്തില്‍ സംഘടിച്ചെത്തിയ 200ലധികം വിദ്യാര്‍ത്ഥികളാണ് ബുധനാഴ്ച പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. പ്രതിഷേധിച്ച 60 വിദ്യാര്‍ത്ഥികളെ പോലസ് അറസ്റ്റു ചെയ്തു. തങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന ബില്ല് പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നു പ്രതിഷേധ കൂട്ടായമയുടെ വിദ്യാര്‍ത്ഥി നേതാവ് മിലന്‍ പറഞ്ഞു. മണിപ്പൂരില്‍ വ്യാഴാഴ്ച 24മണിക്കൂര്‍ ബന്ദിനു പ്രതിഷേധക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്തു. 66 സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. നിരവധി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങ് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികതര്‍ക്ക് പ്രതിഷേധം തണുപ്പിക്കാനായിട്ടില്ല. സംഭവഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര അഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നു എന്‍ ബിരേണ്‍ സിങ് വ്യക്തമാക്കി. മേഘാലയിലെ ഷില്ലോങില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മന്ത്രിമാരും പ്ലാനിങ് ബോര്‍ഡ് ചെയര്‍മാനുമടക്കം ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. ബില്ല് നിയമമായാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തുമെന്നു മന്ത്രി ഹാംലെറ്റ്‌സണ്‍ ദോഹ്‌ലിങ് പറഞ്ഞു. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നു കുടിയേറുന്ന ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായ പൗരത്വം ഉറപ്പാക്കുന്നതാണ് പൗരത്വ (ഭേദഗതി) ബില്‍.

Tags:    

Similar News