തെലങ്കാനയില്‍ യുവതികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സമീപം കുട്ടിയുടെ മൃതദേഹവും
കരിംനഗര്‍ സ്വദേശികളായ അരേകാല സുമതി (25), ശ്രീരാമുല അനുഷ (25), ഇവരുടെ മകള്‍ ഉമാ മഹേശ്വരി (8) എന്നിവരാണ് മരിച്ചതെന്ന് ജവഹര്‍നഗര്‍ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മരങ്ങളിലായാണ് ഇവര്‍ തൂങ്ങിയത്. യുവതികള്‍ ഇരുവരും ജീവനൊടുക്കിയതാവാമെന്നാണ് പോലിസ് നിഗമനം.
ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് യുവതികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തുനിന്ന് ഇവരില്‍ ഒരാളുടെ മകളുടെ മൃതദേഹവും പോലിസ് കണ്ടെത്തി. എട്ടുവയസ് പ്രായം തോന്നിക്കുന്ന കുട്ടിയെ വിഷം കഴിച്ച് മരിച്ചനിലയിലാണ് കണ്ടെത്തിയത്. തെലങ്കാന മെഡ്ചാല്‍ ജില്ലയിലെ ജവഹര്‍നഗറിലാണ് സംഭവം. കരിംനഗര്‍ സ്വദേശികളായ അരേകാല സുമതി (25), ശ്രീരാമുല അനുഷ (25), ഇവരുടെ മകള്‍ ഉമാ മഹേശ്വരി (8) എന്നിവരാണ് മരിച്ചതെന്ന് ജവഹര്‍നഗര്‍ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മരങ്ങളിലായാണ് ഇവര്‍ തൂങ്ങിയത്. യുവതികള്‍ ഇരുവരും ജീവനൊടുക്കിയതാവാമെന്നാണ് പോലിസ് നിഗമനം.
അതേസമയം, കുട്ടിയുടെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലിസ് പറഞ്ഞു. വീട്ടില്‍ വൈകിയെത്തിയതിനെത്തുടര്‍ന്ന് യുവതികളെ ഭര്‍ത്താക്കന്‍മാര്‍ ശാസിച്ചതിന്റെ പേരിലാണ് ഇവര്‍ നാടുവിടുകയും ജീവനൊടുക്കിയതെന്നുമാണ് പ്രാഥമികവിവരമെന്ന് പോലിസ് പറയുന്നു. യുവതികളുടെ മൊബൈല്‍ ഫോണില്‍നിന്നും ഭര്‍ത്താക്കന്‍മാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം നടത്തുന്നത്. സാധ്യമായ എല്ലാ കോണുകളും പരിശോധിക്കുകയാണ്. മരണപ്പെട്ടവര്‍ കുടുംബസുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രിയാണ് സുമതിയും അനുഷയും മകള്‍ ഉമാ മഹേശ്വരിയോടൊപ്പം ഭര്‍ത്താക്കന്‍മാരെ അറിയിക്കാതെ കരിംനഗറിലെ വീട്ടില്‍നിന്നും പോവുന്നത്.
ചരക്കുവാഹനങ്ങളില്‍ കയറി ഷമീര്‍പേട്ടിലെത്തിയെന്നാണ് വിവരം. അവിടെയെത്തിയ ഒരു പാസ്റ്റര്‍ ഇവരെ പള്ളിയിലേക്ക് കൊണ്ടുപോവുകയും ഞായറാഴ്ച അവിടെ താമസിക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ശിവകുമാര്‍ പറഞ്ഞു. ഇവര്‍ ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി കുട്ടിക്ക് നല്‍കുകയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. കുട്ടി മരിച്ചശേഷം യുവതികള്‍ തൂങ്ങിമരിക്കുകയായിരുന്നു. നാട്ടുകാരാണ് യുവതികള്‍ മരത്തില്‍ തൂങ്ങിനില്‍ക്കുന്നതുകണ്ട് പോലിസിനെ വിവരം അറിയിച്ചത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് മരണപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലിസിന് ലഭിക്കുന്നത്.