ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരത്തര്‍ക്കം സംബന്ധിച്ച കേസില്‍ ഡല്‍ഹി സര്‍ക്കാരിനു തിരിച്ചടി. ഡല്‍ഹി അഴിമതി വിരുദ്ധ ബ്യുറോയെയാണു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്നും ഇത് ഡല്‍ഹി സര്‍ക്കാറിനെ നിയന്ത്രിക്കുന്നതായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ലഫ്റ്റ്‌നന്റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരത്തര്‍ക്കം സംബന്ധിച്ച കേസില്‍ 2018 ജൂലൈയിലെ വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള ഹരജികളിലാണ് സുപ്രിം കോടതി വിധി. അധികാരത്തര്‍ക്കം സംബന്ധിച്ചു പ്രധാനമായും ആറ് വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. ഇതില്‍ അഴിമതി വിരുദ്ധ ബ്യൂറോ, അന്വേഷണ കമ്മീഷന്‍, ഗ്രേഡ് 1, 2 ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍ വൈദ്യുത വകുപ്പ്, റെവന്യൂ വകുപ്പ്, ഗ്രേഡ് മൂന്ന്, നാല് ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും, സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരം, കൃഷിഭൂമിയുടെ അടിസ്ഥാന വില പുനര്‍നിര്‍ണയം എന്നിവയില്‍ ഡല്‍ഹി സര്‍ക്കാറിനാണു അധികാരമെന്നും കോടതി പറഞ്ഞു. അതേസമയം സുപ്രിംകോടതി വിധി നിരാശാജനകമാണെന്നു ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ബോളിവുഡ് ചിത്രം ദാമിനിയിലെ കോടതി രംഗത്തിലെ സംഭാഷണ ശകലം ട്വീറ്റ് ചെയ്താണ് എഎപി കോടതി വിധിയിലെ നിരാശ പ്രകടിപ്പിച്ചത്.