ടി പി പീതാംബരന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍; എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും
സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തത്.
മുംബൈ: എന്‍സിപി സംസ്ഥാന അധ്യക്ഷനായി മുതിര്‍ന്ന നേതാവ് ടി പി പീതാംബരന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തത്. എല്‍ഡിഎഫ് സര്‍ക്കാരിലെ എന്‍സിപിയുടെ മന്ത്രിയായി എ കെ ശശീന്ദ്രന്‍ തുടരാനും യോഗം തീരുമാനിച്ചു.
മന്ത്രിസ്ഥാനത്തേക്ക് മാണി സി കാപ്പന്‍ വരുമെന്ന പ്രചാരണങ്ങള്‍ തള്ളിയാണ് ശശീന്ദ്രന്‍ തുടരട്ടെയെന്ന് പാര്‍ട്ടി തീരുമാനിച്ചത്. യോഗത്തില്‍ പ്രധാനമായും രണ്ട് ഫോര്‍മുലകളാണുണ്ടായിരുന്നത്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന അധ്യക്ഷ പദം നല്‍കുകയും മാണി സി കാപ്പനെ മന്ത്രിയാക്കുകയും ചെയ്യുകയെന്നതായിരുന്നു ഒന്ന്. മറ്റൊന്ന് നിലവിലെ താല്‍ക്കാലിക പ്രസിഡന്റായ ടി പി പീതാംബരന്‍ മാസ്റ്ററെ അടുത്ത ഒന്നരവര്‍ഷത്തേയ്ക്ക് അധ്യക്ഷ പദവിയില്‍ നിലനിര്‍ത്തുക എന്നതും.
നേതൃയോഗത്തില്‍ രണ്ടാമത്തെ ഫോര്‍മുലയാണ് അംഗീകരിക്കപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിയെ മാറ്റുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമാവില്ലെന്ന വിലയിരുത്തലിലാണ് എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. എംഎല്‍എ ആയി തുടരുന്നതില്‍ തൃപ്തനാണെന്നുള്ള നിലപാടാണ് മാണി സി കാപ്പന്‍ യോഗത്തില്‍ സ്വീകരിച്ചത്.