അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ്; തെലങ്കാന എസിപിയുടെ 70 കോടി അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടി

25 ഓളം സ്ഥലങ്ങളില്‍ ഒരേസമയമായിരുന്നു റെയ്ഡ് നടന്നത്. അധികൃതമായി സ്വത്തുസമ്പാദിച്ചതിന് മാല്‍ക്കജ്ഗിരി എസിപി യെല്‍മകുരി നരസിംഹ റെഡ്ഡിയ്‌ക്കെതിരേ അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തു.

Update: 2020-09-24 10:35 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ വസതിയിലും അദ്ദേഹത്തിന്റെ ഉടസ്ഥതയിലുള്ള സ്ഥലങ്ങളിലും നടത്തിയ റെയ്ഡില്‍ 70 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടി. അഴിമതി വിരുദ്ധ ബ്യൂറോയുടെ നേതൃത്വത്തില്‍ തെലങ്കാനയിലെ ഹൈദരാബാദ്, വാറങ്കല്‍, ജാങ്കോണ്‍, നല്‍ഗോണ്ട, കരീംനഗര്‍ തുടങ്ങിയ ജില്ലകളിലും ആന്ധ്രപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലുമാണ് റെയ്ഡ് നടന്നത്. 25 ഓളം സ്ഥലങ്ങളില്‍ ഒരേസമയമായിരുന്നു റെയ്ഡ് നടന്നത്. അധികൃതമായി സ്വത്തുസമ്പാദിച്ചതിന് മാല്‍ക്കജ്ഗിരി എസിപി യെല്‍മകുരി നരസിംഹ റെഡ്ഡിയ്‌ക്കെതിരേ അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തു.

അനന്തപൂരില്‍നിന്ന് 55 ഏക്കര്‍ വരുന്ന കൃഷിഭൂമിയുടെയും 1960 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാല് പ്ലോട്ടുകളുടെയും രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മാധാപൂരില്‍ സൈബര്‍ ടവേഴ്സിന് മുന്നിലുള്ള യാര്‍ഡ് സ്ഥലം, മറ്റ് രണ്ട് ഹൗസ് പ്ലോട്ടുകള്‍, ഹഫീസ്‌പേട്ടിലെ ഒരു കൊമേഴ്സ്യല്‍ ജി +3 കെട്ടിടം, രണ്ട് വീടുകള്‍ എന്നിവയും സ്വത്തുക്കളില്‍പ്പെടുന്നു. ഇതുകൂടാതെ രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസുകള്‍ എന്നിവയ്ക്കായി എസിപി നിക്ഷേപം നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

അന്വേഷണസംഘത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഇതുവരെ ലഭിച്ച രേഖകള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യവെ അഴിമതി നടത്തിയും മറ്റ് സംശയകരമായ ഇടപാടുകളിലൂടെയും അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിച്ചുവെന്ന വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസിപി തങ്ങളുടെ നിരീക്ഷണവലയത്തിലായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും അഴിമതി വിരുദ്ധ ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1991 ബാച്ച് പോലിസ് ഇന്‍സ്‌പെക്ടറായാണ് റെഡ്ഡി പോലിസ് വകുപ്പില്‍ ചേരുന്നത്.

Tags:    

Similar News