99 മാര്‍ക്കിനു പകരം 0 മാര്‍ക്ക്; അധ്യാപികക്കു സസ്‌പെന്‍ഷനും പിഴയും
സംസ്ഥാനത്തൊട്ടാകെ ഫലപ്രഖ്യാപനത്തില്‍ വ്യാപക പിഴവു സംഭവിച്ചതിനെ തുടര്‍ന്നു 20 വിദ്യാര്‍ഥികള്‍ ആത്മമഹത്യ ചെയ്തിരുന്നു
ഹൈദരാബാദ്: തെലങ്കാന ബോര്‍ഡ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99 മാര്‍ക്കു നല്‍കിയ വിദ്യാര്‍ഥിനിക്കു 0 മാര്‍ക്കു നല്‍കിയ അധ്യാപികക്കു സസ്‌പെന്‍ഷനും പിഴയും. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ഉമാ ദേവിക്കെതിരേയാണ് നടപടി. ഇവരില്‍ നിന്നു 5000 രൂപയാണ് പിഴ ഈടാക്കുക. നവ്യ എന്ന വിദ്യാര്‍ഥിനിയുടെ പേപര്‍ മൂല്യനിര്‍ണയം നടത്തിയ ഇവര്‍ 0 മാര്‍ക്കു നല്‍കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നു അന്വേഷണം നടത്തിയപ്പോഴാണ് വിദ്യാര്‍ഥിനിക്കു 99 മാര്‍ക്കുള്ളതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തില്‍ സംസ്ഥാനത്തൊട്ടാകെ ധാരാളം പരാതികളുയര്‍ന്നിരുന്നു. തുടര്‍ന്നു അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി റിപോര്‍ട്ട് സമര്‍പിച്ചു ദിവസങ്ങള്‍ക്കകമാണ് അധ്യാപികക്കെതിരേ നടപടി എടുത്തത്. ഉമാദേവിയെ കൂടാതെ വിജയ്കുമാര്‍ എന്ന അധ്യാപകനെതിരേയും തെലങ്കാന വിദ്യാഭ്യാസ ബോര്‍ഡ് നടപടി എടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരീക്ഷാ പേപര്‍ സൂക്ഷമ പരിശോധന നടത്തേണ്ടിയിരുന്നത് വിജയ് കുമാറാണ്. ഇത്തരം ഗൗരവതരമായ അബദ്ധം സംഭവിച്ചിട്ടും ശ്രദ്ധിക്കാതെ പോയതിനാലാണ് വിജയ്കുമാറിനെതിരേ നടപടി എടുത്തതെന്നു അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ ഫലപ്രഖ്യാപനത്തില്‍ വ്യാപക പിഴവു സംഭവിച്ചതിനെ തുടര്‍ന്നു 20 വിദ്യാര്‍ഥികള്‍ ആത്മമഹത്യ ചെയ്തിരുന്നു.