ഇന്ധന വിലവര്‍ധന; തെലങ്കാനയില്‍ ബൈക്ക് തടാകത്തിലെറിഞ്ഞ് പ്രതിഷേധം

Update: 2021-06-12 06:11 GMT

ഹൈദരാബാദ്: ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് തടാകത്തിലേക്ക് എറിഞ്ഞു. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ രാജ്യത്തുടനീളം പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ രാജ്യവ്യാപകമായി 'പ്രതീകാത്മക പ്രതിഷേധം' നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധപരിപാടിയുടെ ഭാഗമായാണ് തെലങ്കാനയിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് ബൈക്ക് എറിഞ്ഞത്. പ്രവര്‍ത്തകര്‍ ബൈക്ക് തടാകത്തിലിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വിലവര്‍ധിപ്പിക്കുന്ന നടപടി പിന്‍വലിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന യൂനിറ്റ് പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി, വര്‍ക്കിങ് പ്രസിഡന്റുമാരായ എ രേവന്ദ് റെഡ്ഡി, പൊന്നന്‍ പ്രഭാകര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ഇന്ധന വില പലയിടത്തും 100 രൂപ കടന്നതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന യൂനിറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News