ന്യൂഡല്‍ഹി: സ്വിറ്റ‌്സര്‍ലന്‍ഡില്‍നിന്നു ലഭിച്ച കള്ളപ്പണനിക്ഷേപത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന‌് കേന്ദ്രസര്‍ക്കാര്‍. രഹസ്യസ്വഭാവം പാലിക്കേണ്ടതുണ്ടെന്ന‌് ചൂണ്ടിക്കാണിച്ച‌് കേന്ദ്രധനമന്ത്രാലയം വിശദാംശങ്ങള്‍ ആവശ്യപ്പെട്ട‌് വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ തള്ളുകയായിരുന്നു. സ്വിറ്റ‌്സര്‍ലന്‍ഡില്‍നിന്ന‌് ഇന്ത്യക്ക‌് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നാണ‌് ധനമന്ത്രാലയത്തിന്റെ വിശദീകരണം.സ്വിറ്റ‌്സര്‍ലന്‍ഡില്‍ കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെയും കമ്പനികളുടെയും വിശദാംശങ്ങള്‍, അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ വെളിപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയിലാണ‌് സര്‍ക്കാരിന്റെ വിശദീകരണം.
ഒരോ കേസുകളുടെ കാര്യത്തിലും പ്രത്യേക അപേക്ഷ നല്‍കുന്ന മുറയ‌്ക്ക‌് സ്വിറ്റ‌്സര്‍ലന്‍ഡ‌് വിശദാംശങ്ങള്‍ കൈമാറുകയാണ‌് ചെയ്യുന്നത‌്. 2018 മുതലുള്ള വര്‍ഷങ്ങളിലെ വിവരങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട‌്. ഇത‌് തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ‌്. വിശദാംശങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത‌് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2016 നവംബര്‍ 22ന‌് നികുതിവിഷയങ്ങളില്‍ പരസ‌്പരസഹായം ഉറപ്പാക്കുന്ന വ്യവസ്ഥകളുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നു.