മുല്ലപ്പെരിയാറില്‍ ഡാം നിര്‍മിച്ചയാള്‍ക്ക് ലണ്ടനില്‍ പ്രതിമ; തമിഴ്‌നാട് സര്‍ക്കാര്‍ പണം മുടക്കും
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ പ്രതിമ ലണ്ടനില്‍ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. പെന്നിക്വിക്കിന്റെ ജന്‍മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാന്‍ ലണ്ടനിലെ തമിഴ് പ്രവാസികളാണ് ശ്രമങ്ങള്‍ നടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജോണ്‍ പെന്നി ക്വിക്കിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ച് ട്വിറ്റിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പെന്നിക്വിക്കിന്റെ ജന്‍മദിനമായ ജനുവരി 15ന് ഇത് പ്രഖ്യാപിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്.
തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ ശുദ്ധജലമെത്തിക്കാന്‍ തന്റെ സമ്പാദ്യം വിറ്റ് അണക്കെട്ട് നിര്‍മിച്ച പെന്നിക്വിക്കിനെ തമിഴ്‌നാട് ജനത ഏറെ ആദരവോടെ ഓര്‍ക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്‌നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ഇദ്ദേഹത്തിന്റെ ജന്‍മനാടായ ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കുമെന്ന് സ്റ്റാലിന്റെ ട്വീറ്റ് പറയുന്നു.
പ്രതിമ സ്ഥാപിക്കുന്നതിനാവശ്യമായ അനുമതി ബ്രിട്ടീഷ് നിയമപ്രകാരമാണ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍നിന്ന് ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പെന്നിക്വിക്കിന്റെ നേതൃത്വത്തില്‍ 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നത്. പ്രോജക്ടിനാവശ്യമായ പണം തികയാതെ വന്നതോടെ ഇംഗ്ലണ്ടിലെ തന്റെ കുടുംബസ്വത്തുക്കള്‍ വിറ്റ് പണം സ്വരൂപിച്ചാണ് പെന്നിക്വിക്ക് അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്.