ടിആര്‍പി കൃത്രിമം; റിപബ്ലിക് ചാനലിലെ രണ്ട് സീനിയര്‍ എഡിറ്റര്‍മാര്‍ക്ക് മുംബൈ പോലിസിന്റെ സമന്‍സ്
ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമി, സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ അഭിഷേക് കപൂര്‍ എന്നിവര്‍ക്കാണ് ഹാജരാവണമെന്ന് കാണിച്ച് സമന്‍സ് അയച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ക്രൈം ഇന്റലിജന്‍സ് യൂനിറ്റ് മുമ്പാകെ ഹാജരാവാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്.
മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുളള റിപബ്ലിക് ചാനലിലെ രണ്ട് സീനിയര്‍ എഡിറ്റര്‍മാര്‍ക്ക് മുംബൈ പോലിസ് സമന്‍സ് അയച്ചു. ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമി, സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ അഭിഷേക് കപൂര്‍ എന്നിവര്‍ക്കാണ് ഹാജരാവണമെന്ന് കാണിച്ച് സമന്‍സ് അയച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ക്രൈം ഇന്റലിജന്‍സ് യൂനിറ്റ് മുമ്പാകെ ഹാജരാവാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്.
ചാനലുകളെക്കുറിച്ച് പഠിക്കാന്‍ ബാര്‍ക്ക് കരാര്‍ നല്‍കിയ ഏജന്‍സിയായ ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്റേതായി ഒരു രേഖ റിപബ്ലിക് ചാനല്‍ ഒക്ടോബര്‍ 10ന് പ്രക്ഷേപണം ചെയ്തിട്ടുണ്ടെന്ന് മുംബൈ പോലിസ് സമന്‍സില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരേയാണ് റേറ്റിങ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പരാതി നല്‍കിയത്. ചാനലിലെ രണ്ട് സീനിയര്‍ എഡിറ്റര്‍മാര്‍ക്ക് ഈ രേഖയുടെ വസ്തുതകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അറിയാമെന്ന് വിശ്വസിക്കാനാവശ്യമായ കാരണങ്ങളുണ്ടെന്നും അത് ചോദിച്ചറിയുന്നതിനുമാണ് ഇവരെ വിളിപ്പിച്ചതെന്ന് പോലിസ് സമന്‍സില്‍ വ്യക്തമാക്കുന്നു.
അതേസമയം, ചാനലിനെതിരായ മുംബൈ പോലിസ് മേധാവി പരമവീര്‍ സിങ്ങിന്റെ വേട്ടയുടെ ഭാഗമാണിതെന്ന് റിപബ്ലിക് ചാനല്‍ പ്രതികരിച്ചു. വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കാന്‍ എഡിറ്റര്‍മാരോട് ആവശ്യപ്പെടുന്നത് അടിയന്തരാവസ്ഥാക്കാലത്തെ ദിവസങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. ഹന്‍സ റിസര്‍ച്ചിന്റെ പരാതിയില്‍ റിപബ്ലിക് ടിവിക്കെതിരേ പരാമര്‍ശമില്ലെന്നും അവര്‍ അവകാശപ്പെടുന്നു.
റിപബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു മുംബൈ പോലിസിന്റെ വെളിപ്പെടുത്തല്‍. ടിആര്‍പി റേറ്റിങ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലില്‍ രഹസ്യമായി ഇടപെട്ടാണ് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചത്. സംഭവത്തില്‍ രണ്ട് മറാത്തി ചാനലുകളുടെ ഉടമകളെ പോലിസ് അറസ്റ്റും ചെയ്തിട്ടുണ്ട്.