കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം

Update: 2024-03-29 06:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ. രാഷ്ട്രീയ പാര്‍ട്ടികളുടേയും പൗരന്മാരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അമേരിക്കയ്ക്കും ജര്‍മനിക്കും പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്രസഭയും നിലപാട് വ്യക്തമാക്കുന്നത്. കെജ് രിവാളിന്റെ അറസ്റ്റില്‍ സുതാര്യമായ നിയമപ്രക്രിയ വേണമെന്ന നിലപാട് അമേരിക്ക വ്യാഴാഴ്ച ആവര്‍ത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നുവെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യു.എസ്. വക്താവ് മാത്യു മില്ലര്‍ പറഞ്ഞിരുന്നു. എന്നാല്‍, പരാമര്‍ശങ്ങള്‍ അനുചിതമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

നേരത്തെ, ഇതേ വിഷയത്തില്‍ യു.എസ്. വിദേശകാര്യ വക്താവ് പ്രതികരിച്ചതിന് പിന്നാലെ യു.എസിന്റെ ഇന്ത്യയിലെ മിഷന്‍ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബെര്‍ബെനയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സമാനമായ അഭിപ്രായപ്രകടനം നടത്തിയപ്പോഴും ജര്‍മന്‍ മിഷന്‍ ഡെപ്യൂട്ടി ചീഫിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ് രിവാളിനെ ആദ്യഘട്ടത്തില്‍ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു.




Tags:    

Similar News