
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും അരവിന്ദ് കെജ്രിവാള്‍ ഇരുന്നിരുന്ന കസേരയില്‍ ഇരിക്കാതെ അതിഷി. മുഖ്യമന്ത്രിയായിരിക്കെ കെജ്രിവാള്‍ ഇരുന്നിരുന്ന കസേരയ്ക്കു സമീപം മറ്റൊരു കസേരയിലാണ് അവര്‍ ഇരുന്നത്. സെപ്റ്റംബര്‍ 21-ന് സത്യപ്രതിജ്ഞ ചെയ്ത അതിഷി തിങ്കളാഴ്ചയാണ് ചുമതലയേറ്റത്.
മുഖ്യമന്ത്രിപദം രാജിവെച്ചതിലൂടെ കെജ്രിവാള്‍ രാഷ്ട്രീയത്തിലെ അന്തസ്സിന് മാതൃക സൃഷ്ടിച്ചുവെന്നും അതിനാലാണ് താന്‍ അദ്ദേഹത്തിന്റെ കസേരയില്‍ ഇരിക്കാത്തതെന്നും അവര്‍ പറഞ്ഞു. അതേസമയം, അതിഷിയുടെ നടപടി നാടകമാണെന്ന് പരിഹസിച്ച് ബി.ജെ.പിയും രംഗത്തെത്തി.
രാമായണത്തില്‍, ഭഗവാന്‍ രാമന്റെ പാദുകം സിംഹാസനത്തില്‍വെച്ച് അനുജനായ ഭരതന്‍ ഭരണം നടത്തിയതുപോലെ താന്‍ നാലുമാസം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കും. രാജിവെച്ച് സ്ഥാനമൊഴിഞ്ഞതിലൂടെ അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയത്തിലെ അന്തസ്സിന്റെ മാതൃകയായി മാറി. അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഒരു അവസരവും ബി.ജെ.പി പാഴാക്കിയിരുന്നില്ല, മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അതിഷി പ്രതികരിച്ചു.