ജഹാംഗീര്‍പുരി സംഘര്‍ഷം: മുഖ്യപ്രതി അന്‍സാര്‍ ബിജെപി നേതാവ്; തെളിവുകള്‍ പുറത്തുവിട്ട് എഎപി എംഎല്‍എ

Update: 2022-04-19 16:15 GMT

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരി സംഘര്‍ഷത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കുന്ന അന്‍സാര്‍ ബിജെപി നേതാവാണെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി. ബിജെപി സ്ഥാനാര്‍ഥി സംഗീത ബജാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അന്‍സാര്‍ പങ്കെടുത്തതിന്റെ നിരവധി ചിത്രങ്ങള്‍ സഹിതമാണ് എഎപി എംഎല്‍എ ട്വീറ്റ് ചെയ്തത്. അന്‍സാര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എഎപി എംഎല്‍എ തെളിവുകള്‍ സഹിതം പുറത്തുവിട്ടത്.

ബിജെപിയില്‍ അന്‍സാര്‍ പ്രധാന റോള്‍ വഹിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ അദ്ദേഹം സജീവമായി പങ്ക് വഹിച്ചിട്ടുണ്ട്. ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്ത ട്വിറ്റര്‍ കുറിപ്പില്‍ അതിഷി ചൂണ്ടിക്കാട്ടുന്നു. അവര്‍ ഗുണ്ടകളുടെ പാര്‍ട്ടിയാണെന്നും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിജെപി ഡല്‍ഹിയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജഹാംഗീര്‍പുരി കലാപത്തിലെ മുഖ്യസൂത്രധാരനായ അന്‍സാര്‍ എഎപി പ്രവര്‍ത്തകനാണെന്നായിരുന്നു ബിജെപി എം പി മനോജ് തിവാരി ആരോപിച്ചിരുന്നത്.

ചിത്രങ്ങള്‍ ഇതിന് തെളിവാണ്. 2020ലെ ഡല്‍ഹി കലാപത്തിന്റെ ആസൂത്രകനായ താഹിര്‍ ഹുസൈന്‍ എഎപി കൗണ്‍സിലറായിരുന്നു. ഇവര്‍ കലാപ ഫാക്ടറി നടത്തുന്നുണ്ടോയെന്നുമാണ് ബിജെപി എം പി മനോജ് തിവാരി ചോദിച്ചിരുന്നത്. ഇതുസംബന്ധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയക്കുകയും ചെയ്തിരുന്നു. എഎപി നടത്തിയ ശോഭായാത്രയില്‍ ഒരിടത്തും അക്രമമുണ്ടായിട്ടില്ലെന്നായിരുന്നു സൗരഭ് ഭരദ്വാജ് ഇതിന് മറുപടി നല്‍കിയത്. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 16ന് നടത്തിയ ശോഭായാത്രയിലാണ് ഡല്‍ഹി ജഹംഗീര്‍പുരിയില്‍ സംഘര്‍ഷമുണ്ടായത്.

യാതൊരു പ്രകോപനവുമില്ലാതെ ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കെതിരേ കലാപം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ രണ്ട് കുറ്റപത്രങ്ങളാണ് ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിഎച്ച്പി, ബജ്‌റംഗ്ദള്‍, അവരുടെ ഓഫിസ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിനാണ് കേസെടുത്തത്. ഇതെത്തുടര്‍ന്ന് പോലിസിനെതിരേ ഭീഷണിയുമായി വഎച്ച്പി രംഗത്തുവന്നിരുന്നു. സംഘര്‍ഷത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുണ്ടായാല്‍ ഡല്‍ഹി പോലിസിനെതിരേ യുദ്ധം തുടങ്ങുമെന്നായിരുന്നു വിഎച്ച്പിയുടെ മുന്നറിയിപ്പ്. ഇതോടെ പോലിസ് എഫ്‌ഐആര്‍ പിന്‍വലിച്ചു.

വിഎച്ച്പി, ബജ്‌റംഗ്ദള്‍ സംഘടനകളുടെ പേരില്ലാതെ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കുകയും ചെയ്തു. പിന്നീട് ആക്രമണം നടത്തിയ ഹിന്ദുത്വരെ ഒഴിവാക്കി ഞായറാഴ്ച 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അതില്‍ എല്ലാവരും മുസ്‌ലിംകളായിരുന്നു. സാഹിദ്, അന്‍സാര്‍, ഷാജാദ്, മുഖ്ത്യാര്‍, അലി, അമീര്‍, അക്ഷര്, നൂര്‍ ആലം, അസ്ലം, സക്കീര്‍, അക്രം, ഇംതിയാസ്, അലി, അഹിര്‍ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ഐപിസിയുടെ 147, 148, 149, 186, 3536, 332, 427, ആയുധ നിയമം തുടങ്ങിയവ ചുമത്തുകയും ചെയ്തു.

Tags:    

Similar News