എല്ലാ വീടുകളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം; സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു

Update: 2021-08-06 03:15 GMT

ന്യൂഡല്‍ഹി: 2019 ഏപ്രില്‍ 1 മുതല്‍ എല്ലാ കുടുംബങ്ങള്‍ക്കും വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കും 24x7 വൈദ്യുതി വിതരണവും കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് മതിയായ വൈദ്യുതി വിതരണവും ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന (ഡിഡിയുജിജെവൈ), ഇന്റഗ്രേറ്റഡ് പവര്‍ ഡിസ്ട്രിബ്യൂഷന്‍ സ്‌കീം (ഐപിഡിഎസ്), ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന (യുഡിഎവൈ) എന്നിവയുള്‍പ്പെടെ വിവിധ പദ്ധതികളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്തുന്നത്.

2019 മാര്‍ച്ച് 31ന് മുമ്പ് വൈദ്യുതീകരിക്കാത്തതായി തിരിച്ചറിഞ്ഞ വീടുകളുടെ സൗഭാഗ്യ പദ്ധതി പ്രകാരമുള്ള 100 ശതമാനം വൈദ്യുതീകരണം 2021 മാര്‍ച്ച് 31ന് പൂര്‍ത്തിയായതായി സംസ്ഥാനങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗഭാഗ്യ ആരംഭിച്ചതിനുശേഷം സംസ്ഥാനങ്ങള്‍ റിപോര്‍ട്ട് ചെയ്തതുപ്രകാരം 31.03.2021 വരെ 2.817 കോടി വീടുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. മുമ്പ് അനുവദിച്ച തുകയുടെ ഉപയോഗവും നിശ്ചിതവ്യവസ്ഥകള്‍ നിറവേറ്റുന്നതും അടിസ്ഥാനമാക്കിയാണ് ഡിഡിയുജിജെവൈ, സൗഭാഗ്യ, ഐപിഡിഎസ് പദ്ധതികള്‍ പ്രകാരമുള്ള ഫണ്ടുകള്‍ അനുവദിക്കുന്നത്.

ഡിഡിയുജിജെവൈ, സൗഭാഗ്യ, ഐപിഡിഎസ് പദ്ധതികള്‍ പ്രകാരം യഥാക്രമം 27,327 കോടി രൂപയും, 3,868 കോടി രൂപയും, 15,902 കോടി രൂപയും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും നടപ്പുവര്‍ഷത്തിലുമായി (30.06.2021 വരെ) സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. സ്വതന്ത്രസര്‍വേകള്‍ അനുസരിച്ച് ഗ്രാമീണമേഖലകളില്‍ വൈദ്യുതി ലഭ്യത 2015-16 ല്‍ ശരാശരി 12 മണിക്കൂര്‍ ആയിരുന്നത് 2020 ല്‍ 20.50 മണിക്കൂറായി ഉയര്‍ന്നു. നഗരപ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യത 22.23 മണിക്കൂറായി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങ് വ്യക്തമാക്കിയതാണ് ഇക്കാര്യങ്ങള്‍.

Tags:    

Similar News