അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു; കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാര്‍ തടവില്‍

ഇന്ന് രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയായി 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് യോഗം.

Update: 2019-08-05 01:21 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എന്തോ സംഭവിക്കാനിരിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കേ കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയായി 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് യോഗം. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സജ്ജാദ് ലോണ്‍, സിപിഎം നേതാവ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരെ ഞായറാഴ്ച്ച രാത്രി വീട്ടുതടങ്കലിലാക്കിയിരുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കശ്മീര്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രജൗരി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞയുണ്ട്. പ്രകടനങ്ങളും റാലികളും നിരോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച അടച്ചിടാന്‍ നിര്‍ദേശം നല്‍കി. താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെയാണ് നേതാക്കള്‍ അറസ്റ്റിലായ വിവരം ഉമര്‍ അബ്ദുല്ല അറിയിച്ചത്. സമാധാനത്തിനായി പോരാടിയ തന്നെ വീട്ടുതടങ്കലിലാക്കിയത് വിരോധാഭാസമാണെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. നേതാക്കളുടെ അറസ്റ്റിനെക്കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അനിശ്ചിതത്വങ്ങള്‍ക്കിടെ ഗവര്‍ണര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക് സായുധസേന ആക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കശ്മീരിലും പഞ്ചാബിലും അതീവജാഗ്രത തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇരുസംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ജമ്മു കശ്മീരിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശമീരില്‍ നടക്കുന്ന സൈനികവിന്യാസത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടികളെന്നാണു സൂചന. അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തീര്‍ഥാടകരും വിനോദയാത്രികരും എത്രയുംവേഗം കശ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദേശവും നല്‍കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35 എ അനുഛേദം എടുത്തുകളയാന്‍ പോവുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ടുകള്‍ ചെയ്യുന്നത്.

അതേ സമയം, ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു 'കടുംകൈ'യ്ക്കും 'ആക്രമണ'ത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതിയുടെ (എന്‍.എസ്.സി.) യോഗത്തിന്റേതാണു മുന്നറിയിപ്പ്. പാക് അധീന കശ്മീരിലെ ജനവാസകേന്ദ്രങ്ങളില്‍ ഇന്ത്യ ക്ലസ്റ്റര്‍ ബോംബിട്ടെന്ന് പാക് സൈന്യം ആരോപിച്ചതിനു പിന്നാലെയായിരുന്നു യോഗം. പാകിസ്താന്റെ ആരോപണം 'നുണയും ചതി'യുമാണെന്ന് ഇന്ത്യന്‍സേന ശനിയാഴ്ച പറഞ്ഞിരുന്നു.

കശ്മീരിലെ ജനങ്ങള്‍ക്കു നല്‍കുന്ന 'നയതന്ത്രപരവും ധാര്‍മികവും രാഷ്ട്രീയവു'മായ പിന്തുണ തുടരുമെന്ന് യോഗശേഷമിറക്കിയ പ്രസ്താവനയില്‍ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 

Tags:    

Similar News