ഉന്നാവോ കേസ്: പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന് പരോള്‍
സഹോദരന്‍ മനോജ് സെന്‍ഗറിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്. കുല്‍ദീപിനൊപ്പം ജയിലില്‍ കഴിയുന്ന കേസിലെ മറ്റൊരു പ്രതികൂടിയായ സഹോദരന്‍ അതുല്‍ സെന്‍ഗറിനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന് പരോള്‍. സഹോദരന്‍ മനോജ് സെന്‍ഗറിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്. കുല്‍ദീപിനൊപ്പം ജയിലില്‍ കഴിയുന്ന കേസിലെ മറ്റൊരു പ്രതികൂടിയായ സഹോദരന്‍ അതുല്‍ സെന്‍ഗറിനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. 72 മണിക്കൂര്‍ സമയത്തെ പരോളാണ് ഇരുവര്‍ക്കും അനുവദിച്ചിരിക്കുന്നത്. ഇരുവരും തിഹാര്‍ ജയിലാണുള്ളത്.
കുല്‍ദീപിന്റെ സഹോദരന്‍ മനോജ് ഇന്നലെയാണ് മരിച്ചത്. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് മനോജിന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, മനോജ് അമിതമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നതായി കുല്‍ദീപിന്റെ വിശ്വസ്തന്‍ ആരോപിക്കുന്നു.
ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മനോജിനും പങ്കുള്ളതായുള്ള ആരോപണമുയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.