ഉന്നാവോ കേസില്‍ ഇരയുടെ ബന്ധുക്കളുടെ കത്ത്: ചീഫ് ജസ്റ്റിസ് അടിയന്തര റിപോര്‍ട്ട് തേടി

കുല്‍ദീപിന്റെ ബന്ധുക്കളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ ബന്ധുക്കള്‍ നല്‍കിയ കത്ത് സുപ്രിംകോടതി രജിസ്ട്രി ശ്രദ്ധയില്‍പ്പെടുത്താതിനെക്കുറിച്ചാണ് റിപോര്‍ട്ട് തേടിയത്.

Update: 2019-07-31 04:40 GMT

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗ കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ ഇരയുടെ ബന്ധുക്കള്‍ എഴുതിയ കത്തില്‍ ചീഫ് ജസ്റ്റിസ് അടിയന്തര റിപോര്‍ട്ട് തേടി. കുല്‍ദീപിന്റെ ബന്ധുക്കളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ ബന്ധുക്കള്‍ നല്‍കിയ കത്ത് സുപ്രിംകോടതി രജിസ്ട്രി ശ്രദ്ധയില്‍പ്പെടുത്താതിനെക്കുറിച്ചാണ് റിപോര്‍ട്ട് തേടിയത്. സുപ്രിംകോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് കല്‍ഗോങ്കറോടാണ് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചത്.

ബലാല്‍സംഗ കേസ് ഒത്ത് തീര്‍പ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. ജൂലൈ 7ന് കുല്‍ദീപ് സിങ്ങിന്റെ സഹോദരന്‍ മനോജ് സിങ്ങും മറ്റ് ചിലരും തങ്ങളുടെ ഗ്രാമത്തിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ പ്രധാന പരാതി. ജഡ്ജിമാരെ വിലയ്ക്കുവാങ്ങി ബലാല്‍സംഗ കേസിലെ പ്രതികളായ കുല്‍ദീപ് സിങ്ങിനെയും ശശി സിങ്ങിനെയും ജാമ്യത്തിലിറക്കുമെന്നും ഇരയെയും ബന്ധുക്കളെയും ജയിലില്‍ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇരയുടെ അമ്മ, സഹോദരി, അമ്മായി എന്നിവരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. ഇരയുടെ അമ്മായിയും കേസിലെ മുഖ്യസാക്ഷിയുമായ പുഷ്പ സിങ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. എന്തുകൊണ്ടാണ് ഈ കത്ത് സുപ്രിംകോടതി രജിസ്ട്രി തന്റെ ശ്രദ്ധയില്‍പ്പെടുത്താത്തത് എന്നതിന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് റിപോര്‍ട്ട് തേടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഇരയുടെ ബന്ധുക്കള്‍ കത്തും ദൃശ്യങ്ങളും അയച്ചിരുന്നു. 

Tags:    

Similar News