കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണത്തിലും യുപി ഒന്നാമത്; യോഗിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണത്തിലും ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്താണെന്ന് അദ്ദേഹം ആരോപിച്ചു. കള്ളം പറഞ്ഞ് വോട്ടര്‍മാരെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ വിവരങ്ങള്‍കൊണ്ടുവരൂ, ഇന്ന് സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുപിയാണ്. ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം നടക്കുന്ന സംസ്ഥാനം കൂടിയാണിത്.
ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍നിന്ന് ലഭിച്ച നോട്ടീസുകളുടെ എണ്ണം നോക്കിയാലും യുപി തന്നെയാണ് ഒന്നാമത്. തീര്‍ന്നില്ല, വ്യാജ ഏറ്റുമുട്ടലുകളിലും ഈ സംസ്ഥാനം തന്നെയാണ് മുന്നില്‍- സുവാറിലെ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ശരിയായ വോട്ടുചെയ്തില്ലെങ്കില്‍ യുപി കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. ഇതോടെ യുപിയിലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ചര്‍ച്ചയായി.
എന്നാല്‍, ഇതിന് സമാജ്‌വാദി പാര്‍ട്ടിയെ കുറ്റപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് യുപി മുഖ്യമന്ത്രിക്കും ബിജെപി സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവ് രംഗത്തുവന്നത്. ഒരു ഐപിഎസ് ഓഫിസ് മറ്റെവിടെയെങ്കിലും ഒളിച്ചോടിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ ? അവര്‍ ക്രമസമാധാനത്തെക്കുറിച്ച് ഞങ്ങള്‍ക്കുനേരേ വിരല്‍ ചൂണ്ടുകയാണെന്നും സമാജ്‌വാദി പാര്‍ട്ടി മേധാവി പരിഹസിച്ചു. ഹാഥ്‌റസില്‍ സംഭവിച്ചത് നിങ്ങള്‍ക്ക് എങ്ങനെ മറക്കാനാവും? പോലിസും സര്‍ക്കാരും ചെയ്തത് എന്താണ്. ലഖിംപൂരില്‍ എന്താണ് സംഭവിച്ചത് ? ലഖ്‌നോവില്‍ ആപ്പിള്‍ ജീവനക്കാരന് എന്ത് സംഭവിച്ചു ? അയാള്‍ കൊല്ലപ്പെട്ടു. ഗോരഖ്പൂരില്‍ ഒരു വ്യവസായിയെ അടിച്ചുകൊന്നു.
ജനങ്ങള്‍ ഇതെല്ലാം ഓര്‍ക്കുന്നു. ആളുകള്‍ വോട്ടുചെയ്യാന്‍ വരുന്ന രീതി... ആദ്യഘട്ടത്തില്‍ അവര്‍ സര്‍ക്കാരിനെതിരാണെന്ന് മാത്രമാണ് പറഞ്ഞത്. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടം അതുതന്നെ സംഭവിക്കും- യാദവ് പറഞ്ഞു. കുറ്റകൃത്യങ്ങളുടെ രേഖകളുടെ പേരില്‍ സമാജ്‌വാദി പാര്‍ട്ടിക്കെതിരേ ബിജെപി ആക്രമണം തുടരുന്നതിനിടെയാണ് വിമര്‍ശനവുമായി അഖിലേഷ് യാദവ് രംഗത്തുവന്നത്.
അതേസമയം, ആദ്യ റൗണ്ട് വോട്ടെടുപ്പിന് ശേഷം അഖിലേഷ് യാദവിന് ഉറക്കം നഷ്ടപ്പെട്ടെന്നും മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ 403 സീറ്റുകളില്‍ 300ലധികം സീറ്റുകള്‍ നേടാനുള്ള പാതയിലാണ് ബിജെപിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ഉത്തര്‍പ്രദേശില്‍ എന്താണ് ചെയ്തതെന്ന് അഖിലേഷ് യാദവ് ചോദിക്കുന്നു. സംസ്ഥാനത്ത് ബിജെപി നിയമവാഴ്ച പുനസ്ഥാപിക്കുകയും ക്രമസമാധാനം നിലനിര്‍ത്തുകയും ചെയ്തുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും ഗുണ്ടകളുടെയും മാഫിയയുടെയും ഭരണം ഇല്ലാതാക്കുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.