ഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി കോടതിയുടെ നോട്ടീസ്
വാരാണസി: ഗ്യാന്‍വാപി മസ്ജിദ് കോംപൗണ്ടില്‍ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട ശിവലിംഗത്തെ കുറിച്ച് പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എംപി തുടങ്ങിയവര്‍ക്കെതിരേ കോടതിയുടെ നോട്ടീസ്. ടെലിവിഷന്‍ ഷോകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും അഖിലേഷും ഉവൈസിയും മറ്റു പലരും ശിവലിംഗത്തെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും കാണിച്ച്
ഹരിശങ്കര്‍ പാണ്ഡെ എന്ന അഭിഭാഷകന്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് അഡീഷണല്‍ ജില്ലാ ജഡ്ജി അനുരാധ കുശ്വാഹ നോട്ടീസ് അയച്ചത്. ഫെബ്രുവരി 15ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-അഞ്ച്(എംപിഎംഎല്‍എ) ഉജ്ജ്വല്‍ ഉപാധ്യായയുടെ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ജില്ലാ ജഡ്ജിക്കു മുമ്പാകെ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ജില്ലാ ജഡ്ജി കോടതിയില്‍ നിന്ന് റിവിഷന്‍ ഹര്‍ജി അഡീഷനല്‍ ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റി. റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി എല്ലാ പ്രതികള്‍ക്കും നോട്ടീസ് അയക്കുകയായിരുന്നു. കേസ് വാദം കേള്‍ക്കാനായി ഏപ്രില്‍ 14 ലേക്ക് മാറ്റി.
2022 മെയ് 23ന് കോടതി നിര്‍ദ്ദേശിച്ച സര്‍വേ പൂര്‍ത്തിയായപ്പോള്‍ ഗ്യാന്‍വാപിയിലെ ശുദ്ധീകരണ കുളത്തില്‍ ഒരു ശിവലിംഗം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി പാണ്ഡെ എസിജെഎം-അകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പ്രസ്തുത കുളത്തില്‍ തുപ്പുക, കൈകാലുകള്‍ കഴുകുക തുടങ്ങിയ നടത്തുന്നത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് ഹരജിക്കാരന്റെ വാദം. പരാതിയില്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മൗലാനാ അബ്ദുല്‍ വാഖി, ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസിന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.