വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് ജില്ലാ കോടതിയുടെ അനുമതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യോടാണ് വാരാണസി ജില്ലാ കോടതി പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. പള്ളി പരിസരത്തു ശിവലിംഗം ഉണ്ടെന്നു പറയപ്പെടുന്നതും ബാരിക്കേഡ് കെട്ടിത്തിരിച്ചതുമായ 'ഗര്‍ഭഗൃഹം' ഒഴികെയുള്ള ഭാഗത്ത് പരിശോധന നടത്താനാണ് നിര്‍ദേശം. ക്ഷേത്രം നിലനിന്നിടത്താണു പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച് നാലു ഹിന്ദു വനിതകള്‍ മെയ് മാസം നല്‍കിയ ഹര്‍ജി അനുവദിച്ചാണു കോടതിയുടെ തീരുമാനം. ശാസ്ത്രീയ പരിശോധനയുടെ റിപ്പോര്‍ട്ട് ആഗസ്ത് നാലിനു സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
'ഗര്‍ഭഗൃഹം' ഭാഗത്ത് സീല്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പള്ളി പരിസരത്ത് കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തെപ്പറ്റിയുള്ള ശാസ്ത്രീയ പഠനം മാറ്റിവയ്ക്കാന്‍ സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ശാസ്ത്രീയ പഠനം നടത്തുമ്പോള്‍, ശിവലിംഗത്തിന് കേടുപാട് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം അംഗീകരിച്ചാണ് സുപ്രിംകോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അതേസമയം, ശിവലിംഗമാണെന്ന ഹിന്ദുത്വര്‍ അവകാശപ്പെടുന്നത് പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന വുദുഖാനയാണെന്ന് മുസ് ലിംകള്‍ വ്യക്തമായിക്കിയിരുന്നെങ്കിലും കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു.