യുപിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരാണെന്ന് പോലിസ് അറിയിച്ചു.

Update: 2020-06-02 15:16 GMT

ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരാണെന്ന് പോലിസ് അറിയിച്ചു. ഇവരുടെ വീട്ടിലെ യുവതിയുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ യുവതിയുടെ പിതാവടക്കം രണ്ടുപേരെ അറസ്റ്റുചെയ്തു. രാത്രിയില്‍ യുവാവിന്റെ വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിഴച്ച് പുറത്തിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസിന് നേരെയും ആക്രമണമുണ്ടായി. മൂന്ന് വാഹനങ്ങളും കത്തിച്ചു. പോലിസുകാര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ട യുവാവിന് അയല്‍വീട്ടിലെ യുവതിയുമായി കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം യുവതിക്ക് പോലിസില്‍ നിയമനം ലഭിച്ച് കാണ്‍പൂരില്‍ പോസ്റ്റിങ്ങുമായി. ഇതിനിടയില്‍ യുവതിയും യുവാവുമൊത്തുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വീട്ടുകാരെ പ്രകോപിതരാക്കി.

ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നില്‍ യുവാവാണെന്ന് പറഞ്ഞ് യുവതിയും വീട്ടുകാരും പോലിസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു. അറസ്റ്റിലായ യുവാവ് ജയിലിലുമായി. എന്നാല്‍, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നിന് പരോള്‍ ലഭിച്ച് പുറത്തിറങ്ങി. ഇതിനുപിന്നാലെയാണ് അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ തീക്കൊളുത്തി കൊലപ്പെടുത്തിയത്.

Tags:    

Similar News