മുസ്‌ലിം യുവാവുമായി പ്രണയം: യുവതിയെ വീട്ടുകാര്‍ ചുട്ടുകൊന്നു

കഴിഞ്ഞ ഫെബ്രുവരി 4 ന് ധന്‍ഘട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജിഗിന ഗ്രാമത്തില്‍ ഒരു യുവതിയുടെ പകുതി പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയിരുന്നു.

Update: 2021-02-15 14:01 GMT

ഗോരഖ്പൂര്‍: മുസ്‌ലിം യുവാവുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍മാറാതിരുന്നതിന് യുവതിയെ വീട്ടുകാര്‍ ചുട്ടുകൊന്നു. ഗോരഖ്പൂരിലെ ബെല്‍ഘട്ട് പ്രദേശത്തെ രഞ്ജന യാദവിനെയാണ് വീട്ടുകാര്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ്, സഹോദരന്‍, സഹോദരീ ഭര്‍ത്താവ്, സുഹൃത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘാംഗമായ വരുണ്‍ തിവാരി എന്നയാള്‍ക്ക് 1.5 ലക്ഷം രൂപ നല്‍കിയാണ് വീട്ടുകാര്‍ യുവതിയെ കൊലപ്പെടുത്തിയത്.


ഇരയുടെ പിതാവ് കൈലാഷ് യാദവ്, സഹോദരന്‍ അജിത് യാദവ്, സഹോദരീ ഭര്‍ത്താവ് സത്യപ്രകാശ് യാദവ്, സീതാറാം യാദവ് എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തില്‍ ഉപയോഗിച്ച പെട്രോള്‍ കന്നാസ്, മോട്ടോര്‍ സൈക്കിള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ക്വട്ടേഷന്‍ സംഘത്തിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.


കഴിഞ്ഞ ഫെബ്രുവരി 4 ന് ധന്‍ഘട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജിഗിന ഗ്രാമത്തില്‍ ഒരു യുവതിയുടെ പകുതി പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം രഞ്ജന യാദവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.


മകള്‍ക്ക് ഒരു മുസ്‌ലിം യുവാവുമായി ബന്ധമുണ്ടായിരുന്നു എന്നും കാമുകനെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല എന്നും പിതാവ് പോലീസിനോടു പറഞ്ഞു. ഇതോടെയാണ് മകനും മരുമകനുമായി ചേര്‍ന്ന് മകളെ കൊല്ലാന്‍ മഹുലിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്. ഫെബ്രുവരി 3 നാണ് പ്രതികളിലൊരാള്‍ യുവതിയെ മോട്ടോര്‍ സൈക്കിളില്‍ ജിജീന ഗ്രാമത്തിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികളും അവരോടൊപ്പം ചേര്‍ന്നു. പിന്നീട് യുവതിയുടെ കൈയും വായയും കെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയാണ് ചെയ്തതെന്നും പിതാവ് പറഞ്ഞു.




Tags:    

Similar News