ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റും മഴയും; 25 മരണം, 11 പേര്‍ക്ക് പരിക്ക്
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ലഖ്‌നോ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുപിയിലെ 38 ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശംവിതച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റിലും കനത്ത മഴയിലും വീടുകളും വിളകളും നശിച്ചു. മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവുമുണ്ടായി. ബുലന്ദ്ഷഹര്‍, ചിത്രകൂട്ട്, ഫത്തേപൂര്‍, പിലിഭിത് തുടങ്ങിയ ജില്ലകളിലാണ് മരണം നടന്നതെന്ന് റിലീഫ് കമ്മീഷണറുടെ ഓഫിസിലെ പ്രൊജക്ട് മാനേജര്‍ മുഹമ്മദ് ആരിഫ് പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ ഉടന്‍ വൈദ്യചികില്‍സ ഉറപ്പുവരുത്തണം. കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപോര്‍ട്ടുകള്‍ എത്രയുംവേഗം സര്‍ക്കാരിന് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.