ഉത്തര്‍പ്രദേശ് ഹത്യപ്രദേശായി; യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
ലഖ്‌നോ: ഉത്തംപ്രദേശ് എന്നറിയപ്പെടേണ്ട ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഹത്യപ്രദേശായി മാറിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. സഹാറന്‍പൂരില്‍ മാധ്യപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ അദ്ദേഹം രൂക്ഷമായാണ് പ്രതികരിച്ചത്. 'മികച്ച സംസ്ഥാനം എന്നറിയപ്പെടേണ്ട സംസ്ഥാനം ഇപ്പോള്‍ കൊലപാതകങ്ങളുടെ പ്രദേശം എന്നാണ് അറിയപ്പെടുന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പോലിസ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.രണ്ട് കുടുംബങ്ങള്‍ തമ്മില്‍ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വടികളും മറ്റുമായി ആക്രമണം തുടങ്ങി. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകനായ ആശിഷിനെയും സഹോദരനെയും വെടിവച്ചു കൊന്നതെന്നും സഹാറന്‍പൂര്‍ പോലിസ് സൂപ്രണ്ട്(സിറ്റി) വിനീത് ഭട്‌നഗര്‍ പറഞ്ഞു.