ഉത്തരാഖണ്ഡ് ദുരന്തം: 19 മരണം; കാണാതായ 200 പേര്‍ക്കായി തിരച്ചില്‍ ശക്തം

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

Update: 2021-02-08 14:24 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ചമോലിയിലെ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായി പ്രവര്‍ത്തനം ശക്തമാക്കി രക്ഷാപ്രവര്‍ത്തകര്‍. ഞയറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 30തോളം പേരാണ് ഇപ്പോഴും തുരങ്കത്തില്‍ കുടങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ 19 പേരാണ് അപകടത്തില്‍ മരിച്ചത്. 202 പേരെ കണ്ടെത്താനുണ്ടെന്നാണ്‌ റിപോര്‍ട്ട്.

നിര്‍മാണ തൊഴിലാളികളാണ് 12 അടി ഉയരവും 15 അടി വീതിയുമുള്ള തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരു മാര്‍ഗം മാത്രമേ ഉള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തുരങ്കത്തില്‍ എവിടെയായാണ് തൊഴിലാളികള്‍ പെട്ടുകിടക്കുന്നതെന്ന് വ്യക്തമായിട്ടില്ല. അഥവ അവര്‍ പലയിടങ്ങിലായാണുള്ളതെങ്കില്‍ അത് ഏറെ പ്രയാസകരമായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്തോ- ടിബെറ്റന്‍ ബോര്‍ഡര്‍ പോലിസ്, ദേശീയ ദുരന്ത നിവാരണ വിഭാഗം തുടങ്ങിയവര്‍ മണ്ണ്‌ നീക്കുന്നതിനായി ഞായറാഴ്‌ച്ച അര്‍ധ രാത്രിയോളം ശ്രമിച്ചു. ഏകദേശം 100 മിറ്ററോളം മണ്ണുനീക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും അത്രയോ അതിലധികമോ നീക്കം ചെയ്യേണ്ടതായി വരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനായി കുറച്ചധികം മണിക്കൂറുകള്‍ വേണ്ടിവരുമെന്ന് ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ വാര്‍ത്താ ഏജന്‍സിയായ പിടിഐയെ അറിയിച്ചു.

മണ്ണുനീക്കി പുതിയ പാതയിലൂടെ ഡ്രാഗണ്‍ ലൈറ്റും ഓക്‌സിജന്‍ സിലണ്ടറുകളുമായാണ് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നത്. പ്രദേശത്തെ ചെറിയ തുരങ്കത്തില്‍ നിന്നും 12 തൊഴിലാളികളെ ഞായറാഴ്ച്ച തന്നെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിരുന്നു. ഏകദേശം ഐടിബിപിയില്‍ നിന്നുള്ള 300 പേരും ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നുള്ള 200 പേരുമാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഞായറാഴ്ച്ച മഞ്ഞുമലയുടെ ഒരു ഭാഗം അടര്‍ന്ന് വീണതാണ് മിന്നല്‍ പ്രളയത്തിന് വഴിവെച്ചത്. അളകനന്ത നിറഞ്ഞതോടെ റോഡുകളും പാലങ്ങളും മറ്റും കവിഞ്ഞൊഴുകി. തുടര്‍ന്ന് പ്രദേശവാസികളെ അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു. കാണാതായവരില്‍ മുപ്പതോളം പേര്‍ യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് ലഖിംപുര്‍ ഖേരി ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അപകടമുണ്ടാകാന്‍ ഇടയായ സാഹചര്യം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും ഭാവി അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും റാവത്ത് പറഞ്ഞു.

Tags:    

Similar News