വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് ജാമ്യം

Update: 2022-03-02 08:41 GMT

ന്യൂഡല്‍ഹി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. വിസ്മയ കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന കേരള സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

കിരണിന്റെ ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി വിസ്മയ കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രമേ വിസ്മയയുടെ ഭര്‍ത്താവായ കിരണിന് ജയിലില്‍ പോവേണ്ടതുള്ളൂ. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരേ കിരണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകള്‍ വിസ്മയ (24) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ചന്ദ്രവിലാസത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എഎംവിഐ എസ് കിരണ്‍ കുമാര്‍ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.

Tags:    

Similar News