ബംഗാളില്‍ ഇന്ധനവില ലിറ്ററിന് ഒരുരൂപ കുറച്ച് മമത സര്‍ക്കാര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
ഞായറാഴ്ചയാണ് നികുതി ഇനത്തില്‍ ഒരുരൂപ കുറയ്ക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര വ്യക്തമാക്കി.
കൊല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ പശ്ചിമബംഗാളില്‍ പെട്രോളിനും ഡീസലിനും വിലകുറച്ച് മമത ബാനര്‍ജി സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഞായറാഴ്ചയാണ് നികുതി ഇനത്തില്‍ ഒരുരൂപ കുറയ്ക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര വ്യക്തമാക്കി.
ചില്ലറ വില്‍പ്പന നിരക്കുകള്‍ ന്യായമായ നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നീക്കം. കേന്ദ്രം സ്വന്തം വിഭവങ്ങളില്‍ നിന്ന് സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് മമത സര്‍ക്കാര്‍ ആരോപിച്ചു.
ഇന്ത്യയുടെ ഏകീകൃത ഫണ്ടുകള്‍ക്കനുസൃതമായി സംസ്ഥാനങ്ങള്‍ക്കായുള്ള 42 ശതമാനം നികുതി വിഭജനം തീരുമാനിക്കുമ്പോള്‍, നികുതിക്ക് പകരം സെസ് എന്ന നിലയില്‍ പ്രധാന ഭാഗം കേന്ദ്രം എടുക്കുന്നു- പശ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു.
ഫെബ്രുവരി 20ന് കൊല്‍ക്കത്തയില്‍ പെട്രോളിന്റെ വില ലിറ്ററിന് 91.77 രൂപയായിരുന്നു. ഇതില്‍ 32.90 രൂപ നികുതിയും സെസ്സുമായി കേന്ദ്രമെടുത്തപ്പോള്‍ സംസ്ഥാനത്തിന് 18.46 രൂപ മാത്രമാണ് ലഭിച്ചത്. ഡീസലിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് 31.80 രൂപയും സംസ്ഥാനത്തിന് ഇത് 12.77 രൂപയുമാണ് ലഭിച്ചത്. വിലയാവട്ടെ ലിറ്ററിന് 84.55 രൂപയും.