ആരാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദെ?

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രഞ്ജന്‍ ഗൊഗോയി സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്കു വരാനിരിക്കുന്നത് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദേ എന്ന എസ് എ ബോബ്ദെയാണ്. നവംബര്‍ 17ന് വിരമിക്കുന്ന ഗൊഗോയ് കീഴ്‌വഴക്കപ്രകാരം 47ാമത് ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തതത് ബോബ്‌ദെയുടെ പേരാണ്.

Update: 2019-10-19 07:31 GMT

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രഞ്ജന്‍ ഗൊഗോയി സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്കു വരാനിരിക്കുന്നത് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദേ എന്ന എസ് എ ബോബ്ദെയാണ്. നവംബര്‍ 17ന് വിരമിക്കുന്ന ഗൊഗോയ് കീഴ്‌വഴക്കപ്രകാരം 47ാമത് ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തതത് ബോബ്‌ദെയുടെ പേരാണ്. ഗൊഗോയി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീനിയോറിറ്റിയുള്ള ജഡ്ജിയാണ് ബോബ്‌ദെ. സുപ്രിംകോടതി ജഡ്ജിയാകുന്നതിന് മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം.

1956 ഏപ്രില്‍ 24 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ബോബ്‌ദെ ജനിച്ചത്. നാഗ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു നിയമ ബിരുദം നേടിയ ബോബ്‌ദെ 1978 സപ്തംബര്‍ 23ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. രണ്ടായിരത്തില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയി നിയമിതനായി. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2013 ഏപ്രില്‍ 12നാണ് സുപ്രിം കോടതിയില്‍ നിയമിതനായത്.

സുപ്രധാനമായ പല കേസുകളും ബോബ്‌ദെ ഉള്‍പെട്ടിട്ടുള്ള ബെഞ്ച് കൈകാര്യം ചെയ്തിട്ടുണ്ട്. നിലവില്‍ ബാബരി മസ്ജിദ് കേസ് ബോബ്‌ദെ ഉള്‍പ്പെടെയുള്ള അഞ്ചംഗ ബെഞ്ചിന് കീഴിലാണ്. ആധാര്‍, ബിസിസിഐ കേസ് തുടങ്ങി നിരവധി പ്രധാനമായ കേസുകള്‍ കേള്‍ക്കുന്ന ബെഞ്ചില്‍ ബോബ്‌ദെ അംഗമായിരുന്നു.

സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അങ്ങേയറ്റത്തെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ബോബ്‌ദെ. അതുകൊണ്ടു തന്നെയാണ് സുപ്രിംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗീകാരോപണ കേസ് പരിശോധിക്കുന്ന സമിതിയുടെ നേതൃത്വം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കാരണം. നിരവധി തവണത്തെ ഇന്‍ഹൗസ് ചര്‍ച്ചകള്‍ക്കു ശേഷം ആരോപണത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തുകയായിരുന്നു.

ആധാര്‍ ഇല്ല എന്നത് ഒരു ഇന്ത്യന്‍ പൗരനും അടിസ്ഥാന സേവനങ്ങളോ സര്‍ക്കാര്‍ സബ്‌സിഡികളോ നിഷേധിക്കാനുള്ള കാരണമായി മാറാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയില്‍ ബോബ്‌ദെയ്ക്ക് നിര്‍ണായക പങ്കുണ്ട്.

എട്ട് വര്‍ഷത്തെ സുപ്രിംകോടതിയിലെ പ്രവര്‍ത്തന കാലയളവിനിടെ നിരവധി നിര്‍ണായക കേസുകള്‍ അദ്ദേഹത്തിന് മുന്നിലെത്തിയിരുന്നു. 2017ല്‍ ജസ്റ്റിസ് ബോബ്ദെയും ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ചാണ് ഭ്രൂണഹത്യതേടിയുള്ള ഒരു യുവതിയുടെ ഹരജി തള്ളിക്കളഞ്ഞത്. ദേശീയ തലസ്ഥാനത്തെ ഗുരുതരമായ വായുമലിനീകരണം കണക്കിലെടുത്തത് 2016ല്‍ ഡല്‍ഹിയില്‍ പടക്കവില്‍പ്പന നടത്തുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിട്ടതും ബോബ്ദെ ആയിരുന്നു.

നിലവില്‍ മുംബൈയിലെയും നാഗ്പൂരിലെയും മഹാരാഷ്ട്ര നാഷനല്‍ ലോ യൂണിവേഴ്‌സിറ്റികളിലെ ചാന്‍സിലറാണ് 64 കാരനായ ബോബ്‌ദെ.

2018 ഒക്ടോബര്‍ മൂന്നിന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത രഞ്ജന്‍ ഗൊഗോയി 13 മാസവും 15 ദിവസവുമാണ് പദവി വഹിക്കുക. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദെയുടെ കാലാവധി 2021 ഏപ്രില്‍ 23 വരെയാണ്. നവംബര്‍ 17ന് ഗോഗോയി വിരമിക്കുന്നതോടെയാണ് ബോബ്ദെ ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കുക.

ശരിയുടെ ഭാഗം ജയിക്കട്ടെ

2018ല്‍ നടന്ന ഒരു പ്രഭാഷണത്തില്‍ ജസ്റ്റിസ് ബോബ്ദെ ഇന്ത്യന്‍ നിയമവ്യവസ്ഥയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

നിയമവാഴയ്ക്ക് ഇന്ത്യയില്‍ വേരുകളുണ്ട്. പുരാതന ഇന്ത്യയില്‍ 'ധര്‍മ' എന്നറിയപ്പെട്ടിരുന്ന നിയമവാഴ്ച്ചയാണ് ഇന്ന് നിലവിലുള്ള വിവിധ നിയമങ്ങളുടെ അടിസ്ഥാനം. ധര്‍മയെ മതവുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. മതം മനുഷ്യനെ വിഭജിക്കുമ്പോള്‍ ധര്‍മ അവരെ യോജിപ്പിക്കുന്നു. ശരിയുടെ ഭാഗം ജയിക്കട്ടെ എന്നാണ് മഹാഭാരതത്തില്‍ ഗാന്ധാരി പറഞ്ഞത്. നിയമവാഴ്ച്ചയെക്കുറിച്ചുള്ള ഏറ്റവും പഴയ പ്രസ്താവനയാണ് ഇത്. ഇതാണ് സുപ്രിംകോടതിയുടെയും മുദ്രാവാക്യം. 

Tags:    

Similar News