ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചുമതലയേറ്റു;കാത്തിരിക്കുന്നത് അയോധ്യ, ശബരിമല ഉള്‍പ്പെടെ സുപ്രധാന കേസുകള്‍

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 63കാരനായ ബോബ്‌ഡെ 2013 ലാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്.

Update: 2019-11-18 09:21 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 47ാംമത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 63കാരനായ ബോബ്‌ഡെ 2013 ലാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബാബരി ഉള്‍പ്പെടെ സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു.

രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായാണ് ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആവുന്നത്. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ് എ ബോബ്‌ഡെ നേരത്തെ ബോംബെ ഹൈക്കോടതി ജസ്റ്റിസും പിന്നീട് മധ്യപ്രദേശ് ഹൈകോടതിയിലും ചീഫ് ജസ്റ്റിസുമായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമാണെന്ന സുപ്രധാന വിധിന്യായം എഴുതിയ ഒന്‍പതംഗ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ. ബോബ്‌ഡെയ്ക്ക് പതിനേഴു മാസമാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാവുക. അയോധ്യ, ശബരിമല കേസുകളിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടെ പുതിയ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി എത്തും. 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്നലെയാണ് ഇന്നലെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രജ്ഞന്‍ ഗൊഗോയ് വിരമിച്ചത്.

Tags:    

Similar News