കശ്മീര്‍: യുഎന്‍ വിമര്‍ശനത്തോട് പ്രതികരിക്കാതെ നിയുക്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

കശ്മീരിലെ ജനങ്ങളുടെ ചലനസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുമെതിരേ നല്‍കിയ പരാതികളോട് വേഗത്തില്‍ പ്രതികരിച്ചില്ലെന്ന യുഎന്‍ വിമര്‍ശനത്തോട് പ്രതികരിക്കാനാണ് തയ്യാറാവാതിരുന്നത്.

Update: 2019-10-30 17:05 GMT
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം സുപ്രിം കോടതി ജാഗ്രതയോടെയല്ല കൈകാര്യം ചെയ്തതെന്ന വിമര്‍ശനത്തോട് പ്രതികരിക്കാതെ നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കശ്മീരിലെ ജനങ്ങളുടെ ചലനസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുമെതിരേ നല്‍കിയ പരാതികളോട് പരമോന്നത കോടതി വേഗത്തില്‍ പ്രതികരിച്ചില്ലെന്ന യുഎന്‍ വിമര്‍ശനത്തോട് പ്രതികരിക്കാനാണ് ചീഫ് ജസ്റ്റിസ് തയ്യാറാവാതിരുന്നത്.

എസ് എ ബോബ്‌ഡെയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. സത്യപ്രതിജ്ഞ നവംബര്‍ 18 ന് നടക്കും. ഏപ്രില്‍ 2021 നാണ് ബോബ്‌ഡെ റിട്ടയര്‍ ചെയ്യുക.

കശ്മീരിലെ ഹേബിയസ് കോര്‍പസ്, ചലനസ്വാതന്ത്ര്യം, മാധ്യമനിയന്ത്രണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗത്തില്‍ ചലിക്കാന്‍ പരമോന്നത കോടതി മടിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷ്ണര്‍ കുറ്റപ്പെടുത്തിയിരുന്നു.

മേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് സുപ്രിം കോടതി ഒക്ടോബര്‍ 24 ലെ വിധിന്യായത്തില്‍ ഉത്തരവിട്ടിരുന്നു. അതിനു മുമ്പു നടന്ന ഹിയറിങ്ങില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ വിശദീകരിച്ച റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാകട്ടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന് കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സമയക്കുറവുണ്ടെന്ന പേരില്‍ പരിഗണിക്കാതെ മാറ്റിവച്ചു. അയോധ്യ കേസാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.




Tags:    

Similar News