കെജ്‌രിവാളിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും അറസ്റ്റില്‍

Update: 2024-03-22 06:38 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എഎപി പ്രവര്‍ത്തകരെ പോലിസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ ഡല്‍ഹി മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ് എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കുറ്റമാരോപിച്ച് എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കെജ് രിവാളിനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പെടെ ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അരവിന്ദ് കെജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കെജ് രിവാളിനെ  അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്ന് തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുക്കാമായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതിക്ക് സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയും. കോടതി ഇത് തടയണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും അദേഹം ആരോപിച്ചു.






Tags:    

Similar News