യുക്രെയ്‌നില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കുമെന്ന് പിതാവ്
ബംഗളൂരു: യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കല്‍ ഗവേഷണത്തിനായി ദാനം ചെയ്യാന്‍ തീരുമാനിച്ചതായി പിതാവ് ശേഖരപ്പ ജ്ഞാനഗൗഡര്‍. നവീന്റെ മൃതദേഹം തിങ്കളാഴ്ച ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുമെന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മെഡിക്കല്‍ രംഗത്ത് എന്തെങ്കിലുമൊക്കെ നേടണമെന്നാഗ്രഹിച്ച തന്റെ മകന് അതിന് സാധിച്ചില്ല. അവന്റെ ശരീരമെങ്കിലും മറ്റ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഉപയോഗിക്കാം.
അതിനാലാണ് മകന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി നല്‍കാന്‍ തീരുമാനിച്ചത്. മകന്റെ മൃതദേഹം 21ന് പുലര്‍ച്ചെ മൂന്നുമണിക്ക് ബംഗളൂരു വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് രാവിലെ 9 മണിയോടെ മൃതദേഹം ഞങ്ങളുടെ ഗ്രാമത്തിലെത്തും. വീരശൈവ മതാചാരപ്രകാരം പൂജ നടത്തി പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം ദാവണഗരെ എസ്എസ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഗവേഷണത്തിനായി ദാനം ചെയ്യുമെന്നും പിതാവ് അറിയിച്ചു.
ഹവേരി ജില്ലാ കലക്ടര്‍ ഓഫിസില്‍ നിന്ന് സന്ദേശം ലഭിച്ചു, എമിറേറ്റ്‌സ് ഫ്‌ളൈറ്റ് സര്‍വീസില്‍ നിന്ന് സന്ദേശവും ലഭിച്ചു. മകന്റെ മൃതദേഹം നാട്ടിലെത്തിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. മുഖ്യമന്ത്രി എന്നോട് സംസാരിച്ചു. ബംഗളുരു എയര്‍പോര്‍ട്ടിലേക്കും ഗ്രാമത്തിലേക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തിന് ശേഷം എന്നോട് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ശേഖരപ്പ ജ്ഞാനഗൗഡര്‍ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ നവീന്‍(22) മാര്‍ച്ച് ഒന്നിനാണു കൊല്ലപ്പെട്ടത്.