ജോലി നഷ്ടപ്പെട്ടതില്‍ മനോവിഷമം; മെട്രോ സ്‌റ്റേഷന്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു (വീഡിയോ)

Update: 2022-04-15 03:56 GMT

ന്യൂഡല്‍ഹി: ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തില്‍ മെട്രോ സ്‌റ്റേഷന്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു. ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനിലെ 40 അടിയോളം ഉയരമുള്ള ഹൈ എലിവേറ്റെഡ് പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ് പഞ്ചാബ് ഹോഷിയാര്‍പൂര്‍ സ്വദേശിനിയായ യുവതി ചാടിയത്. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചാടാനൊരുങ്ങി നിന്ന യുവതിയെ പിന്തിരിപ്പിക്കാന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും യുവതി വഴങ്ങിയില്ല.

യുവതി ചാടുമെന്ന് മനസ്സിലായ ഉദ്യോഗസ്ഥര്‍ പുതപ്പ് ഉപയോഗിച്ചാണ് യുവതിയെ രക്ഷിച്ചത്. എന്നാല്‍, വീഴ്ചയില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിഐഎസ്എഫ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. രാവിലെ ഏഴരയോടെ മെട്രോ സ്‌റ്റേഷന് മുകളില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കാര്യമന്വേഷിച്ചപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. ഉദ്യോഗസ്ഥര്‍ യുവതിയോട് സംസാരിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ കൂട്ടാക്കാതെ താഴേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു സംഘം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ താഴെ ബ്ലാങ്കറ്റുകളുമായി തയ്യാറെടുത്ത് നിന്നിരുന്നു. താഴേക്ക് ചാടിയ യുവതി ഉദ്യോഗസ്ഥര്‍ പിടിച്ച ബ്ലാങ്കറ്റിലേക്ക് വീഴുകയായിരുന്നു.

Tags:    

Similar News