പ്ലാറ്റ് ഫോമിലെ മുസ് ലിം പ്രാര്‍ത്ഥനാ ഹാള്‍ ദേശ സുരക്ഷക്ക് ഭീഷണിയെന്ന് ഹിന്ദുത്വരുടെ കത്ത്; ക്ഷേത്രവും ക്രൈസ്തവ പ്രാര്‍ത്ഥനാ ഹാളും ഉണ്ടെന്ന് ഉദ്യോഗസ്ഥന്‍ (വീഡിയോ)

Update: 2022-02-01 14:21 GMT

ബംഗളൂരു: റെയില്‍വേ പ്ലാറ്റ് ഫോമിലെ മുസ് ലിം പ്രാര്‍ത്ഥനാ ഹാള്‍ ചൂണ്ടിക്കാട്ടി വര്‍ഗീയ ധ്രുവീകരണ ശ്രമവുമായി സംഘപരിവാര്‍. ബംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ മുസ് ലിം പ്രാര്‍ത്ഥനാ ഹാള്‍ ദേശ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി(എച്ച്‌ജെഎസ്) ആണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയത്. തിങ്കളാഴ്ച്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെ ഹിന്ദുത്വര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് റെയില്‍വേ അധികൃതര്‍ക്ക് കത്തെഴുതിയത്.

അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ തൊഴിലാളികളുടെ വിശ്രമമുറി മുസ് ലിംകള്‍ പ്രാര്‍ത്ഥനാകേന്ദ്രമാക്കി മാറ്റിയത് അപലപനീയമാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹന്‍ ഗൗഡ സ്‌റ്റേഷന്‍ മാനേജര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

'ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നവും ദേശീയ സുരക്ഷക്ക് ഭീഷണിയുമാണ്. ബെംഗളൂരു കെഎസ്ആര്‍ റെയില്‍വേ സ്‌റ്റേഷന്‍ സംസ്ഥാനത്തെ ഒരു പ്രധാന സ്‌റ്റേഷനാണ്. റെയില്‍വേ സ്‌റ്റേഷനുചുറ്റും നിരവധി മസ്ജിദുകളുണ്ടെങ്കിലും പ്ലാറ്റ്‌ഫോമില്‍ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയത് ഗൂഢാലോചനയാണെന്നും കത്തില്‍ പറയുന്നു.

റെയില്‍വേ സ്‌റ്റേഷനില്‍ പ്രാര്‍ത്ഥന അനുവദിക്കുന്നത് 'ഈ സ്ഥലം ഒരു മസ്ജിദായി മാറ്റാനുള്ള ആവശ്യങ്ങള്‍ക്ക്' ഇടയാക്കുമെന്ന് കത്തില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ ആസ്ഥാനമായുള്ള ആദില്‍ അസദുള്ളയെ 2018ല്‍ ബംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു 'ഭീകര പ്രവര്‍ത്തനങ്ങളുടെ സങ്കേതമായി' മാറിയെന്നും കത്തില്‍ ആരോപിച്ചു.

2019ല്‍, ബംഗളൂരുവിലെ മജസ്റ്റിക് ഏരിയയില്‍ നിന്ന് (റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന) മുഹമ്മദ് അക്രം എന്ന ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതായും ഹിന്ദുത്വ സംഘടന ചൂണ്ടിക്കാട്ടി. ബംഗളൂരുവിലെ കോട്ടണ്‍പേട്ട് മസ്ജിദില്‍ ഒളിച്ചിരുന്ന ജമാത്തുല്‍ മുജാഹിദ്ദീന്‍ അംഗമായ ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവവും കത്തില്‍ എടുത്തുപറഞ്ഞു. 'ഈ പശ്ചാത്തലത്തില്‍ പ്ലാറ്റ്‌ഫോമില്‍ പ്രാര്‍ത്ഥന അനുവദിക്കുന്നത് എത്രത്തോളം ഉചിതമാണ്? അനധികൃതമായി സ്ഥലം അനുവദിച്ചവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശ്രമമുറിയില്‍ പ്രാര്‍ത്ഥന അനുവദിക്കരുത്' കത്തില്‍ കൂട്ടിച്ചേര്‍ത്തു. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും കത്തില്‍ മുന്നറിയിപ്പ നല്‍കി.

സംഘടനയില്‍ നിന്ന് കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'പ്രാര്‍ത്ഥനാ മണ്ഡപം റെയില്‍വേ സ്‌റ്റേഷനില്‍ വര്‍ഷങ്ങളായി ഉണ്ട്, ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. റെയില്‍വേ സ്‌റ്റേഷന്‍ വളപ്പില്‍ ഞങ്ങള്‍ക്ക് ഒരു ക്ഷേത്രവുമുണ്ട്. രാഷ്ട്രീയ പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങളെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വേ സ്‌റ്റേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന സംഘടനയുടെ അവകാശവാദം തീര്‍ത്തും അസംബന്ധവും വസ്തുതാപരമായി തെറ്റുമാണെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News