ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ ചെറുക്കാന്‍ ഐക്യനിര കെട്ടിപ്പടുത്ത് പൗരാവകാശ സംഘടനകള്‍
മൂന്നു ഡസനിലേറെ വരുന്ന സംഘടനകളാണ് കാംപയിന്‍ എഗെയ്ന്‍സ്റ്റ് സ്റ്റേറ്റ് റിപ്രഷന്‍ (സിഎസ്ആര്‍) എന്ന പ്ലറ്റ്‌ഫോമില്‍ അണിനിരക്കുന്നത്.
ന്യൂഡല്‍ഹി: നിലവിലെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ ചെറുക്കുന്നതിന് ഐക്യനിര കെട്ടിപ്പടുത്ത് പൗരാവകാശ സംഘടനകള്‍. മൂന്നു ഡസനിലേറെ വരുന്ന സംഘടനകളാണ് കാംപയിന്‍ എഗെയ്ന്‍സ്റ്റ് സ്റ്റേറ്റ് റിപ്രഷന്‍ (സിഎസ്ആര്‍) എന്ന പ്ലറ്റ്‌ഫോമില്‍ അണിനിരക്കുന്നത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത നടപടിയെ സംഘടന അപലപിക്കുകയും മുഴുവന്‍ ആക്റ്റീവിസ്റ്റുകളേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമൂഹത്തിലെ എല്ലാ പുരോഗമന, ജനാധിപത്യ വിഭാഗങ്ങളും ഒന്നിക്കണമെന്നും അന്വേഷണമെന്ന പേരില്‍ നടക്കുന്ന അറസ്റ്റുകളേയും പീഡനങ്ങളേയും അപലപിക്കണമെന്നും കാംപയിന്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി അവസാനത്തോടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിലെ മരണത്തിനും സ്വത്ത് നഷ്ടത്തിനും പലായനത്തിനും ഉത്തരവാദികളായ യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെയും ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവങ്കണ കലിത, ഗള്‍ഫിഷ, ഖാലിദ് സൈഫി, ഇസ്രത്ത് ജഹാന്‍, മീരന്‍ ഹൈദര്‍, നതാഷ നര്‍വാള്‍, ഷാര്‍ജീല്‍ ഇമാം, ഷിഫാ ഉര്‍ റഹ്മാന്‍ തുടങ്ങിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും കാപയിന്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി കലാപത്തിന് നേതൃത്വം വഹിച്ച ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ തയ്യാറാവാതെ സാമുദായി വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്ട്രി ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) എന്നിവയ്‌ക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരെയുള്ള പോലിസ് നടപടി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണെന്നും കാപയിന്‍ ചൂണ്ടിക്കാട്ടി. എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനുമായുള്ള എല്ലാ ശബ്ദങ്ങള്‍ക്കും തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും സിഎസ്ആര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐസ, എഐഎസ്എഫ്, ഐപിസിആര്‍, ബിസിഎം, ഭീം ആര്‍മി, ബിഗുല്‍ മസ്ദൂര്‍ ദസ്ത, ബിഎസ്‌സിഇഎം, സിഇഎം, സിആര്‍പിപി, സിടിഎഫ്, ദിശ, ഡിഐഎസ്‌സി, ഡിഎസ് യു, ഡിടിഎഫ്, ഐഎപിഎല്‍, ഐഎംകെ കര്‍ണാടക ജനശക്തി, കെവൈഎസ്, ലോക്പക്ഷ്, എല്‍എസ്‌ഐ, മസ്ദൂര്‍ അധികാര്‍ സംഘതന്‍, മസ്ദൂര്‍ പത്രിക, മെഹ്നത്കശ് മഹിളാ സംഘതന്‍, മോര്‍ച്ച പത്രിക, എന്‍എപിഎം, എന്‍ബിഎസ്, എന്‍സിഎച്ച്ആര്‍ഒ, നൗറുസ്, എന്‍ടിയുഐ, പീപ്പിള്‍സ് വാച്ച്, രിഹായി മഞ്ച്, സമാജ് വാദി ജന്‍പരിഷത്ത്, സത്യഷോദക് സംഘ്, എസ്എഫ്‌ഐ, യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ് ഡബ്ല്യുഎസ്എസ് തുടങ്ങിയ സംഘടനകളാണ് കാംപയിന്‍ എഗെയ്ന്‍സ്റ്റ് സ്റ്റേറ്റ് റപ്രഷനു കീഴില്‍ അണിനിരക്കുന്നത്.