അരുണാചലിലെ ബിജെപി എംഎല്‍എ പീഡിപ്പിച്ചു; പോലിസില്‍ പരാതി നല്‍കിയിട്ടും നീതിലഭിച്ചില്ലെന്ന് യുവതി

ബിജെപി എംഎല്‍എയായ ഗൊരൂക്ക് പൊഡൂങ്ങിനെതിരെയാണ് അരുണാചല്‍ സ്വദേശിയും മെഡിക്കല്‍ ഓഫിസറുമായ യുവതി പരാതിയുമായി രംഗത്തെത്തിയത്. ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എംഎല്‍എ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.

Update: 2019-12-10 12:54 GMT

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ ബിജെപി എംഎല്‍എക്കെതിരേ പീഡനപരാതി നല്‍കിയിട്ടും പോലിസില്‍നിന്ന് നീതിലഭിച്ചില്ലെന്ന വിമര്‍ശനവുമായി ഇരയായ മെഡിക്കല്‍ ഓഫിസറായ യുവതി രംഗത്ത്. ബിജെപി എംഎല്‍എയായ ഗൊരൂക്ക് പൊഡൂങ്ങിനെതിരെയാണ് അരുണാചല്‍ സ്വദേശിയും മെഡിക്കല്‍ ഓഫിസറുമായ യുവതി പരാതിയുമായി രംഗത്തെത്തിയത്. ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എംഎല്‍എ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇറ്റാനഗറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പോലിസ് എഫ്‌ഐആറില്‍ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു. സംഭവം നടന്ന് രണ്ടുമാസമായിട്ടും തനിക്ക് നീതിലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പടെ കണ്ട് പരാതി നല്‍കാന്‍ യുവതി ഡല്‍ഹിയിലെത്തിയിരിക്കുകയാണ്.

സംഭവം നടന്ന അന്നുതന്നെ പോലിസില്‍ പരാതിനല്‍കിയിരുന്നു. കേസെടുത്തെങ്കിലും എഫ്‌ഐആറില്‍ എംഎല്‍എയ്‌ക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. തന്റെ മൊഴി കൃത്യമായി പോലിസ് രേഖപ്പെടുത്തിയില്ല. എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പോലിസ് തന്നെ ഉപദേശിക്കുകയായിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ജാമ്യം കിട്ടിയ എംഎല്‍എ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. പണം നല്‍കി കേസ് പിന്‍വലിക്കാന്‍ ബിജെപി എംഎംഎല്‍ ശ്രമിച്ചെന്നും യുവതിയുടെ ഭര്‍ത്താവും വെളിപ്പെടുത്തി. കേസ് പിന്‍വലിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. ഭാര്യയുടെ സുരക്ഷയ്ക്കായി പോലിസിനെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയില്ലെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News