ജവാന്‍മാരുടെ ചോരകൊണ്ട് നിങ്ങള്‍ക്ക് ജയിക്കാനാവില്ല; ബിജെപിക്ക് മുന്നറിയിപ്പുമായി മമത
ജവാന്‍മാരുടെ ചോരകൊണ്ട് നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പേരുപരാമര്‍ശിക്കാതെ മമത മുന്നറിയിപ്പ് നല്‍കി. ജവാന്‍ രാജ്യത്തിന് വേണ്ടിയാണ് രക്തം ചൊരിയുന്നത്. അവര്‍ രാജ്യത്തെയാണ് സേവിക്കുന്നത്. അവര്‍ രാഷ്ട്രീയക്കാരല്ല.
കൊല്‍ക്കത്ത: പുല്‍വാമ ആക്രമണത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജവാന്‍മാരുടെ ചോരകൊണ്ട് നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പേരുപരാമര്‍ശിക്കാതെ മമത മുന്നറിയിപ്പ് നല്‍കി. ജവാന്‍ രാജ്യത്തിന് വേണ്ടിയാണ് രക്തം ചൊരിയുന്നത്. അവര്‍ രാജ്യത്തെയാണ് സേവിക്കുന്നത്. അവര്‍ രാഷ്ട്രീയക്കാരല്ല. ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതിനെ ഞാന്‍ അതിശക്തമായി അപലപിക്കുന്നു- മമത പറഞ്ഞു. പുല്‍വാമ ആക്രമണം ഇന്റലിജന്‍സിന്റെ പരാജയമായിരുന്നു.
നരേന്ദ്രമോദി ബിജെപിയെ സ്വകാര്യസംഘടനയാക്കി മാറ്റി. മോദിക്കെതിരേ വിമര്‍ശനമുന്നയിക്കുന്നവരെ പാക് അനുകൂലികളായി മുദ്രകുത്താനാണ് ശ്രമം. എന്റെ പിതാവ് ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. അതുകൊണ്ട് എന്നെ മോദി രാജ്യസ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മമത കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ബാലക്കോട്ട് ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു മമത കേന്ദ്രത്തിനെതിരേ രംഗത്തുവന്നത്.