ഒരു ദലിതനെ പൊളിറ്റ് ബ്യൂറോയിൽ എത്തിക്കാൻ സിപിഎം എടുത്തത് 58 വർഷം
കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് ബിരുദമെടുത്ത ഡോം സേവന പ്രവർത്തനങ്ങളിലും സജീവമാണ്.
അമ്പത്തിയെട്ടു വർഷത്തെ ചരിത്രത്തിൽ ആദ്യമായി സിപിഎമ്മിന്റെ സംഘടനാ തലപ്പത്ത് ദലിത് പ്രാതിനിധ്യം. പശ്ചിമബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം ആണ് പൊളിറ്റ് ബ്യൂറോയിൽ ഇടംപിടിച്ചത്. 1989 മുതൽ 2009 വരെ ഏഴു തവണ ലോക്‌സഭാംഗമായിരുന്നു. പശ്ചിമബംഗാളിലെ ബീർഭൂമിൽ നിന്ന് ആറു തവണയും ബോൽപൂരിൽ നിന്ന് ഒരു തവണയുമാണ് വിജയിച്ചത്. ലോക്‌സഭയിൽ സിപിഎമ്മിന്റെ ചീഫ് വിപ്പായിരുന്നു.
1959 ഫെബ്രുവരി എട്ടിന് ബീർഭൂം ജില്ലയിലെ ചില്ല ഗ്രാമത്തിലാണ് ജനനം. അച്ഛൻ പിരു പാദ ഡോം. അമ്മ അഛല ബാല ഡോം. ബന്ദാന ഡോം ആണ് ഭാര്യ. ഒരു മകളുണ്ട്. കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് ബിരുദമെടുത്ത ഡോം സേവന പ്രവർത്തനങ്ങളിലും സജീവമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.
പ്രായപരിധിയുടെ അടിസ്ഥാനത്തിൽ എസ് രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹനൻ മുല്ലയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായതിന് പകരമാണ് ഡോമിന് പുറമേ, എ വിജയരാഘവനും അശോക് ധാവ്‌ളെയുമെത്തിയത്. അത്തരമൊരു നയം പാർട്ടിക്ക് ഇല്ലായിരുന്നെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമായിരുന്നുവെന്ന പ്രതികരണവും പൊതുസമൂഹത്തിൽ നിന്നുയരുന്നുണ്ട്.
പാർട്ടി കോൺഗ്രസിന് മുന്നോടിയായി യച്ചൂരി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പൊളിറ്റ് ബ്യൂറോയിലെ ദലിത് പ്രാതിനിധ്യമില്ലാത്തതിനെ കുറിച്ച് പറഞ്ഞത്, അത് ചരിത്രപരമായ പ്രശ്നമാണെന്നായിരുന്നു. പാർട്ടി രൂപീകരിച്ച് 58 വർഷം പിന്നിട്ടാണ് ഒരു ദലിതന് പാർട്ടിയുടെ ഉന്നത സ്ഥാനനത്തേക്ക് എത്താൻ കഴിഞ്ഞതെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
കേരളത്തില്‍ നിന്നു ദലിത് പ്രാതിനിധ്യം വേണമെന്ന ആവശ്യം പിബിയിലുണ്ടായി. എന്നാല്‍, കേരള ഘടകം എ വിജയരാഘവനെ നിര്‍ദേശിച്ചതിനാല്‍ രണ്ടാമതൊരാളെ എടുക്കേണ്ടെന്നു തീരുമാനിച്ചു. അങ്ങനെ ദലിത് വിഭാഗത്തിൽ നിന്നുള്ള എ കെ ബാലന്‍ തഴയപ്പെട്ടുവെന്ന റിപോർട്ടും പുറത്തുവരുന്നുണ്ട്. പിണറായിയുടെ വിശ്വസ്തനെന്ന കാരണമാണ് എ കെ ബാലനെ തഴഞ്ഞ് എ വിജയരാഘവനെ പിബിയിലേക്കെടുക്കുന്നതിന് കാരണമായതെന്നാണ് പാർട്ടിക്കകത്ത് ഉയരുന്ന ചർച്ചകൾ സൂചിപ്പിക്കുന്നത്.
ബംഗാളില്‍ നിന്നും രാമചന്ദ്ര ഡോമിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പിബിയില്‍ ദലിത് പ്രാതിനിധ്യം സിപിഎം ഉറപ്പാക്കിയെങ്കിലും എ കെ ബാലൻ കൂടി ഉൾപ്പെട്ടിരുന്നെങ്കിൽ സിപിഎം രാജ്യത്ത് ശ്രദ്ധാകേന്ദ്രമായി മാറിയേനെ. പി.ബിയില്‍ ദലിതരില്ലെന്ന് ഏറെക്കാലമായി വിമര്‍ശനവും വിവാദവും ഉയര്‍ന്നിരുന്നു. ഈ വിമർശനങ്ങൾ ഉയർന്നത് ഏറെയും കേരളത്തിൽ നിന്നായിരുന്നു. എ കെ ബാലന് അത്തരം ഒരവസരം സിപിഎം നൽകിയിരുന്നെങ്കിൽ ആ വിമർശനങ്ങൾക്ക് അറുതിയുണ്ടായേനേ.