നാട്ടിലേക്കു മടങ്ങിയ ബംഗാള്‍ സ്വദേശി മരിച്ചു; മരണം മര്‍ദ്ദനമേറ്റെന്ന് ആരോപണം
ഒരാഴ്ച്ച മുമ്പ് നാട്ടിലേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളി സ്വദേശത്തു ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പാടിയോട്ട് ചാലില്‍ നിര്‍മാണ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശി നജ്ബുല്‍ ശെയ്ഖ്(24) ആണ് മരിച്ചത്. ഇയാളെ ഒരു സംഘം മര്‍ദ്ദിച്ച ശേഷം നാട്ടിലേക്കു കയറ്റി വിടുകയായിരുന്നു എന്ന ആരോപണമാണ് ഉയര്‍ന്നത്.
ചെറുപുഴ: ഒരാഴ്ച്ച മുമ്പ് നാട്ടിലേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളി സ്വദേശത്തു ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പാടിയോട്ട് ചാലില്‍ നിര്‍മാണ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശി നജ്ബുല്‍ ശെയ്ഖ്(24) ആണ് മരിച്ചത്. ഇയാളെ ഒരു സംഘം മര്‍ദ്ദിച്ച ശേഷം നാട്ടിലേക്കു കയറ്റി വിടുകയായിരുന്നു എന്ന ആരോപണമാണ് ഉയര്‍ന്നത്.
ആഗസ്ത് 23ന് ഇയാളെ ഒരു സംഘം മര്‍ദ്ദിച്ച ശേഷം നാട്ടിലേക്കു കയറ്റിവിടുകയായിരുന്നുവെന്ന് സഹോദരന്‍ മൊയ്‌നുല്‍ ശെയ്ഖ് തേജസ് ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച്ച ദിവസം പള്ളിയില്‍വച്ച് ചിലരുമായി വാക്ക് തര്‍ക്കുമുണ്ടായിരുന്നുവെന്നും അവര്‍ മര്‍ദ്ദിച്ചതായുമാണ് മൊയ്‌നുല്‍ ആരോപിക്കുന്നത്. മൊയ്‌നുലും നാട്ടില്‍ നിര്‍മാണ ജോലിക്കാരനായിരുന്നു. വിശ്വാസ കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്താറുള്ള നജ്ബുല്‍ ശെയ്ഖ് വെള്ളിയാഴ്ച്ച ദിവസം ജോലിക്കു പോകാറില്ല. മര്‍ദ്ദനമേറ്റ വിവരം തൊഴിലുടമയായ മഹേഷ് ആണ് വിളിച്ചറിയിച്ചത്. പള്ളിയില്‍വച്ച് ചിലരുമായി വാക്കു തര്‍ക്കമുണ്ടായെന്നും അവര്‍ മര്‍ദ്ദിച്ചെന്നുമാണ് പറഞ്ഞത്. പ്രദേശത്തെ പോലിസ് സ്‌റ്റേഷനിലും വിവരമറിയിച്ചിരുന്നു. സഹോദരന്റെ പുറത്ത് മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.
നാട്ടിലെത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സി ടി സ്‌കാനിങ് ഉള്‍പ്പെടെ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് 21ാം തിയ്യതി രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മൊയ്‌നുല്‍ ശെയ്ഖ് പറഞ്ഞു. പേടി കാരണമാണ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാതിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മൊയ്‌നുല്‍ ശെയ്ഖ് പറഞ്ഞു. അതേ സമയം, ഇങ്ങിനെയൊരു സംഭവമേ അറിയില്ലെന്നാണ് ചെറുപുഴ പോലിസ് പറയുന്നത്.
സംഘടിത ആക്രമണത്തിലാണ് മൊയ്‌നുല്‍ ശെയ്ഖ് കൊല്ലപ്പെട്ടതെന്ന് സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തിച്ച പ്രദേശവാസിയായ ബഷീര്‍ അഹ്മദ് തേജസ് ന്യൂസിനോട് പറഞ്ഞു. നാട്ടിലേക്കു പോയതിന് ശേഷവും നജ്ബുലിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ടു മൂന്ന് ദിവസത്തോളം നജ്ബുല്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ബഷീര്‍ പറഞ്ഞു.