വനപാലകര്‍ക്ക് നേരെ ആക്രമണം: യുവാവ് അറസ്റ്റില്‍
കഞ്ഞിക്കുഴി കിരിത്തോട് സ്വദേശി പ്രജീഷ് (33), നെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: വനപാലകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കഞ്ഞിക്കുഴി കിരിത്തോട് സ്വദേശി പ്രജീഷ് (33), നെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്. വനപാലകരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ഇയാളും ഭാര്യയും കഴിഞ്ഞ ദിവസം ചെമ്പന്‍പാറ ഭാഗത്തുള്ള നഗരംപാറ ഫോറസ്റ്റ് ഓഫീസില്‍ ചെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും ആക്രമിക്കുകയും, ഓഫീസിന്റെ ജനല്‍ എറിഞ്ഞുടയ്ക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രജീഷ് നഗരംപാറ റിസര്‍വ്വ് ഫോറസ്റ്റില്‍ പാംപള ഭാഗത്ത് അനധികൃതമായി കൈയ്യേറി ഷെഡ് വച്ച് കെട്ടിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയിരുന്നു.
കഞ്ഞിക്കുഴി പോലിസ് സ്‌റ്റേഷനിലെയും അടിമാലി പോലീസ് സ്‌റ്റേഷനിലെയും നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. അന്വഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശരത് ചന്ദ്രകുമാര്‍, ഷാജു ഫിലിപ്പ് എസ്‌സിപിഒ മാരായ ഷനില്‍, നസീമ എന്നിവരാണ് ഉണ്ടായിരുന്നത്.