പത്തനംതിട്ട: നവദമ്പതിമാരടക്കം നാലുപേരുടെ മരിച്ച വാഹനാപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനം ഓടിക്കുന്നതിനിടെ ഉറക്കംവന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
''ആ റൂട്ടില്‍ പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല സീസണാണ്. ആയിരക്കണക്കിന് വണ്ടികളാണ് അതിലൂടെ കടന്നുപോകുന്നത്. അവരവര്‍ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കംവന്നാല്‍ ഉറങ്ങുകയെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണം. അദ്ദേഹത്തിന് ഉറക്കം വന്നുകാണും. ഇനി കുറച്ചുദൂരമല്ലേയുള്ളൂ, വീട്ടിലെത്തിയിട്ട് ഉറങ്ങാമെന്ന് കരുതിക്കാണും. അതായിരിക്കാം അപകടത്തിന്റെ കാരണം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് എംവിഡിയുടെയും പോലിസിന്റെയും വിലയിരുത്തല്‍. വളരെ ദുഃഖകരമായിപ്പോയി. എല്ലാവരും ശ്രദ്ധിക്കണം.''-മന്ത്രി പറഞ്ഞു.
പാലക്കാട് നടന്ന അപകടം കുഞ്ഞുങ്ങളുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു. അതല്ലാതെ സംഭവിക്കുന്ന അപകടങ്ങളില്‍ പലതും നമ്മുടെ അശ്രദ്ധകൊണ്ട് സംഭവിക്കുന്നതാണ്. അടുത്തകാലത്ത് കേരളത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇക്കാര്യം പഠിക്കുകയും പരിശോധിക്കുകയും ചെയ്ത്, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പോലീസിനെകൂടി ഉള്‍പ്പെടുത്തി ഒരു 'ഡ്രൈവ്' സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 'ഡ്രൈവ്' നടത്തിയാല്‍ കുറ്റകൃത്യങ്ങള്‍ പിടിക്കാമെന്നേയുള്ളൂ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കിടക്കാന്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളാണ് നിര്‍മിക്കുന്നത്.''ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കുക, ചായ കുടിക്കുകയോ വണ്ടിയില്‍നിന്നിറങ്ങി അല്പം നടക്കുകയോ ചെയ്യാം. അതിനുശേഷം വണ്ടിയോടിക്കുക. '-മന്ത്രി പറഞ്ഞു.