അതുല്‍ സുഭാഷിന്റെ മരണം പുരുഷന്‍മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

പുരുഷന്‍മാരുടെ അവകാശം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Update: 2024-12-15 07:51 GMT

ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം മൂലം ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ പുരുഷന്‍മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. അതുല്‍ സുഭാഷിന്റെ മരണത്തില്‍ ഭാര്യ നികിതയേയും അമ്മയേയും സഹോദരനെയും പോലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

'' അതുല്‍ സുഭാഷിന്റെ ആത്മഹത്യ രാജ്യമെമ്പാടും പുതിയ ചര്‍ച്ചക്ക് കാരണമായിരിക്കുകയാണ്. നാം എപ്പോഴും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്തതാണ് അതിന് കാരണം. ഈ മരണം പെട്ടെന്ന് പുരുഷന്‍മാരുടെ അവകാശങ്ങളുടെ പൊള്ളത്തരം വെളിവാക്കി. രാജ്യം മുഴുവന്‍ ചര്‍ച്ച നടക്കുകയാണ്. ചര്‍ച്ച എവിടെ എത്തുമെന്ന് നമുക്ക് നോക്കാം.''- മന്ത്രി പറഞ്ഞു.

അതുല്‍ സുഭാഷിന്റെ മരണത്തില്‍ കുറച്ചുകാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് അതുല്‍ ആത്മഹത്യ ചെയ്തതെന്ന് പരിശോധിക്കും. ഇത്രയുമധികം കേസുകള്‍ എങ്ങനെയാണ് ഭാര്യ അതുലിന് എതിരെ ഫയല്‍ ചെയ്തത് എന്നും പരിശോധിക്കും. കൂടാതെ പുരുഷന്‍മാരുടെ അവകാശം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതുലിന് എതിരെ ഒമ്പത് കേസുകളാണ് ഭാര്യ നല്‍കിയിരുന്നത്.

അതുലിന്റെ നാലു വയസുള്ള മകനെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ലെന്ന് പിതാവ് പവന്‍കുമാര്‍ പറഞ്ഞു. ''എന്റെ മകനെ കൊന്നവരെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍, അതുലിന്റെ മകന്‍, എന്റെ പേരക്കുട്ടി എവിടെയാണെന്ന് അറിയില്ല. അവനെ അവര്‍ കൊന്നോ അതോ ജീവനോടെയുണ്ടോ? ഞങ്ങള്‍ക്ക് അവനെ വേണം''- പവന്‍കുമാര്‍ പറഞ്ഞു.


കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അതുല്‍ സുഭാഷിനെ ബംഗളൂരില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുടുംബവും നടത്തിയ മാനസിക-നിയമപീഡനങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ വലിയ കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. മരണകാരണം വ്യക്തമാക്കി അതുല്‍ പുറത്തുവിട്ട വീഡിയോയും വൈറലായി. ഇതോടെ കടുത്ത പ്രതിഷേധമാണ് നടന്നത്.

അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നികിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. വിവാഹമോചനക്കേസിന്റെ പേരില്‍ ഭാര്യയും കുടുംബവും വര്‍ഷങ്ങളായി തന്നെ കേസുകളിലൂടെയും മറ്റും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ബംഗളൂരുവിലെ താമസസ്ഥലത്ത് അതുല്‍ ജീവനൊടുക്കിയത്. വിവാഹമോചനക്കേസ് കൈകാര്യം ചെയ്ത യുപിയിലെ ജഡ്ജി നീതി നടപ്പാക്കിയില്ലെന്നും പറഞ്ഞിരുന്നു. 2019ലാണ് അതുലും നികിതയും വിവാഹിതരായത്. 2022ല്‍ സ്ത്രീധന പീഡനം ആരോപിച്ച് നികിത ഭര്‍ത്താവിനെതിരെ ആദ്യ പരാതി നല്‍കി. തന്റെ പിതാവിന്റെ മരണത്തിനു കാരണം അതുലാണെന്ന് ആരോപിച്ചും പരാതിപ്പെട്ടു. ആ പരാതി വ്യാജമാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

Similar News