യുഡിഎഫ് എംഎല്‍എമാർ ലോക കേരളസഭയില്‍ നിന്ന് രാജിവച്ചു
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മകമായ നിലപാടിന്റെ രക്തസാക്ഷിയാണ് ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ പാറയിലെന്ന് എംഎല്‍എമാര്‍ സംയുക്തമായി നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
തിരുവനന്തപുരം: ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ സാജന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോകകേരള സഭയില്‍നിന്ന് യുഡിഎഫ് എംഎല്‍എമാരും രാജിവച്ചു.
യുഡിഎഫിന്റെ 41 എംഎല്‍എമാരും ഒപ്പിട്ട രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറി. പ്രതിപക്ഷനേതാവ് നേതാവ് രമേശ് ചെന്നിത്തല ലോക കേരളസഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം നേരത്തെ രാജിവച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മകമായ നിലപാടിന്റെ രക്തസാക്ഷിയാണ് ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ പാറയിലെന്ന് എംഎല്‍എമാര്‍ സംയുക്തമായി നല്‍കിയ രാജിക്കത്തില്‍ പറയുന്നു. വര്‍ഷങ്ങളോളം വിദേശത്ത് ചോര നീരാക്കി ലഭിച്ച പണം ഉപയോഗിച്ച് നാട്ടില്‍ ഒരു സംരംഭം തുടങ്ങുവാന്‍ എത്തിയ സാജന്‍ പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്റെ ധാര്‍ഷ്ട്യവും നിഷേധാത്മക നിലപാടുമാണ്.
മുഖ്യമന്ത്രിക്കും പോലിസിനും സാജന്റെ ഭാര്യ ബീന നല്‍കിയ പരാതിയില്‍ മരണത്തിന് ഉത്തരവാദി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവര്‍ക്കെതിരെ കേസെടുക്കാതെ ഉദ്യോഗസ്ഥരില്‍ മാത്രം കേസ് ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലും സര്‍ക്കാരിന്റെ ഈ നീക്കം വ്യക്തമാണ്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
ലോകകേരള സഭയിലും മറ്റു വേദികളിലും പ്രവാസികളെ കേരളത്തില്‍ വ്യവസായം തുടങ്ങുവാന്‍ ക്ഷണിക്കുന്ന സര്‍ക്കാരിന് അവരോട് നീതി പുര്‍ത്തുവാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ വ്യവസായങ്ങള്‍ ആംരഭിക്കുവന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് 'ആന്തൂര്‍ സംഭവം' നല്‍കുന്ന തെറ്റായ സന്ദേശം തിരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രവാസികളെയാകെ വേദനിപ്പിക്കുന്നു. അന്യനാട്ടില്‍ നിന്ന് മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭം തുടങ്ങാന്‍ സംരക്ഷണം ലഭിക്കാത്ത ഇപ്പോഴത്തെ സാഹചര്യം ലോക കേരളസഭയെ അര്‍ത്ഥരഹിതമാക്കുന്നു. അതിനാലാണ് തങ്ങള്‍ ലോക കേരള സഭയുടെ അംഗത്വം രാജിവെക്കുന്നതെന്ന് എംഎല്‍എമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.