കടുവയുടെ ആക്രമണം: തണ്ണിത്തോട് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ നിരോധനാജ്ഞ
ഉത്തരവിന് ഇന്ന് വൈകിട്ട് ആറു മുതല്‍ മേയ് 15ന് അര്‍ധരാത്രിവരെ പ്രാബല്യം ഉണ്ടായിരിക്കും.
പത്തനംതിട്ട: കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോന്നി താലൂക്കില്‍ തണ്ണിത്തോട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ല.
ഉത്തരവിന് ഇന്ന് വൈകിട്ട് ആറു മുതല്‍ മേയ് 15ന് അര്‍ധരാത്രിവരെ പ്രാബല്യം ഉണ്ടായിരിക്കും. (വനംവകുപ്പ് കടുവയെ പിടിച്ച് സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് എത്തിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് റദ്ദാകും). ഉത്തരവ് ജനങ്ങളെ അറിയിക്കുന്നതിനായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് തണ്ണിത്തോട് എസ്എച്ച്ഒ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കോന്നി തണ്ണിത്തോട് വില്ലേജില്‍ മേടപ്പാറ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സി ഡിവിഷന്‍ തോട്ടത്തിനകത്ത് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ ബിനീഷ് മാത്യു എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ജനം തടിച്ചുകൂടുന്നത് ക്രമ സമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് ഉചിതമാണെന്നും അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.
ഈ സ്ഥലം ജനവാസ മേഖലയോട് ചേര്‍ന്ന് ആയതിനാല്‍ വീണ്ടും കടുവയുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റാന്നി ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കി. കടുത്ത ജാഗ്രത ആവശ്യമാണെന്നും കടുവ മനുഷ്യവാസ മേഖലയില്‍ ഇറങ്ങുന്ന സന്ദര്‍ഭങ്ങളില്‍ പ്രദേശത്ത് 144 പ്രഖ്യാപിക്കണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശമുണ്ടെന്നും, ജനങ്ങള്‍ പുറത്തിറങ്ങി സംഘം ചേരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുമെന്നും റാന്നി ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് ജില്ലാകലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.