അഞ്ജലി റിമാദേവ് ഹാജരായില്ല; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലിസ്

പോലിസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു൦ ഇക്കാര്യ൦ കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സി എച്ച് നാഗരാജ പറഞ്ഞു.

Update: 2022-03-18 09:47 GMT

കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായില്ല. ഇന്ന് രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലിസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാനാകില്ലെന്നും കാണിച്ച് അഞ്ജലി കത്ത് നൽകുകയായിരുന്നു.

പോലിസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു൦ ഇക്കാര്യ൦ കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സി എച്ച് നാഗരാജ പറഞ്ഞു. നേരത്തെ പല തവണ ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് പോലിസ് നോട്ടിസ് നൽകിയിരുന്നെങ്കിലും അഞ്ജലി നോട്ടിസ് കൈപ്പറ്റാനോ ഹാജരാകാനോ തയ്യാറായിരുന്നില്ല.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലിസ് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരേ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാൽസംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.

കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.

കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി.

Similar News