ആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍ പൊട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
കോഴിക്കോട്: കാറുകളുടെ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെ വടകര സ്വദേശി ആല്‍വിന്‍ (20) അപകടത്തില്‍ മരിച്ചത് ആന്തരിക ക്ഷതമേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. വടകര കടമേരിയിലെ വീട്ടുവളപ്പില്‍ വൈകിട്ടോടെ സംസ്‌കരിക്കും. കാറോടിച്ച സാബിദിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അറസ്റ്റും രേഖപ്പെടുത്തി.
'റീല്‍സ്' തയാറാക്കാനായി കാറുകള്‍ അമിതവേഗത്തില്‍ കുതിക്കുകയായിരുന്നു. രാവിലെ ഏഴോടെയാണു ആല്‍വിനും സംഘവും വെള്ളയില്‍ സ്‌റ്റേഷനു മുന്‍വശത്തുള്ള റോഡില്‍ എത്തിയത്. ആല്‍വിനെ സ്‌റ്റേഷനു മുന്‍പില്‍ ഇറക്കിയ ശേഷം കാറുകള്‍ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു.
അപ്പോഴേക്കും ആല്‍വിന്‍ റോഡിന്റെ മധ്യത്തില്‍ നിന്നു ചിത്രീകരണം ആരംഭിച്ചു. അതിവേഗത്തില്‍ കുതിച്ചു വരുന്ന കാറുകള്‍ കണ്ട് ആല്‍വിന്‍ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും കാര്‍ ഇടിച്ചു. ഉയരത്തിലേക്കു തെറിച്ച ആല്‍വിന്‍ റോഡില്‍ തലയടിച്ചു വീണു.