അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപോര്‍ട്ടുമായി നേരില്‍ എത്താന്‍ വിജിലന്‍സ് സംഘത്തിന് നിര്‍ദേശം നല്‍കി ഡയറക്ടര്‍
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടില്‍ വിശദീകരണം തേടി വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത. റിപോര്‍ട്ടുകളും മൊഴികളുമായി നേരില്‍ എത്താന്‍ അന്വേഷണസംഘത്തിന് യോഗേഷ് ഗുപ്ത നിര്‍ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസിലടക്കമാണ് അജിത് കുമാറിന് നേരത്തെ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മടക്കി അയച്ചതായാണ് വിവരം.
എം ആര്‍ അജിത് കുമാറിനെതിരേ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നടത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പരാതികള്‍ തെളിയിക്കാനുള്ള യാതൊരു രേഖകളും സമര്‍പ്പിച്ചില്ലെന്നും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയിരുന്നത്.