തര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്ന് വിളിക്കരുത്: യോഗി ആദിത്യനാഥ്

Update: 2025-01-11 02:34 GMT

ലഖ്‌നോ: തര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്നുവിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള നടക്കുന്ന പ്രദേശത്ത് ആജ് തക്ക് ചാനല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്.

''നാം അതിനെ മസ്ജിദ് എന്ന് വിളിക്കുന്നത് നിര്‍ത്തിയാല്‍ ആളുകള്‍ അവിടേക്ക് ആരാധനക്ക് പോവുന്നത് നിര്‍ത്തും. മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തി മസ്ജിദ് രൂപത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ഇസ്‌ലാമിക തത്വങ്ങളുമായി യോജിക്കുന്നില്ല. അത്തരം സ്ഥലങ്ങളില്‍ ആരാധന നടത്തുന്നത് ദൈവത്തിനും ഇഷ്ടമല്ല. ആരാധന നടത്താന്‍ നിര്‍മാണങ്ങള്‍ വേണമെന്ന് ഇസ്‌ലാം പറയുന്നില്ല. എന്നാല്‍, സനാതന ധര്‍മത്തില്‍ അങ്ങിനെയുണ്ട്. സനാതനികള്‍ പ്രാര്‍ത്ഥനക്കായി ക്ഷേത്രങ്ങളില്‍ പോവും. ഇസ്‌ലാമിന് അങ്ങിനെയില്ല. അതിനാല്‍ ഏതൊരു കെട്ടിടത്തെയും മസ്ജിദ് എന്നുവിളിക്കുന്നത് അനാവശ്യവും വിപരീതഫലമുണ്ടാക്കുന്നതുമാണ്. പുതിയ ഇന്ത്യ എന്ന ദര്‍ശനം സ്വീകരിച്ച് പുരോഗമന ചിന്തയോടെ മുന്നോട്ട് പോകേണ്ട സമയമാണിത്. കഴിഞ്ഞ കാലത്തെ തര്‍ക്കങ്ങളില്‍ പറ്റിപ്പിടിക്കുന്നതിനുപകരം ഐക്യവും ഐക്യവും കെട്ടിപ്പടുക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്''-.യോഗി പറഞ്ഞു.

സംഭലിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടും യോഗി ആദിത്യനാഥ് സംസാരിക്കുകയുണ്ടായി. മഹാവിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയുടെ ജന്മസ്ഥലമായിരിക്കും സംഭല്‍ എന്നാണ് പ്രവചനമെന്ന് യോഗി പറഞ്ഞു. '' സംഭലിലെ എല്ലാകാര്യങ്ങളും സനാതനധര്‍മവുമായി ബന്ധപ്പെട്ടതാണ്. 5,000 വര്‍ഷം മുമ്പ് ഇസ്‌ലാം ഭൂമിയില്‍ ഇല്ലായിരുന്നു. അപ്പോള്‍ എങ്ങിനെയാണ് ജാമിഅ് മസ്ജിദിനെ കുറിച്ച് പരാമര്‍ശമുണ്ടാവുക. ശ്രീഹരി വിഷ്ണു ക്ഷേത്രം പൊളിച്ചാണ് 1526ല്‍ ജാമിഅ് മസ്ജിദ് നിര്‍മിച്ചതെന്നാണ് ഐന്‍ ഇ അക്ബരി എന്ന രേഖ പറയുന്നത്. അതിനാല്‍ ആ ഭൂമി മുസ്‌ലിംകള്‍ സ്വമേധയാ ഹിന്ദുക്കള്‍ക്ക് തിരികെ നല്‍കണം. മുസ്‌ലിം ലീഗിന്റെ മാനസികാവസ്ഥയില്‍ ഈ രാജ്യം പ്രവര്‍ത്തിക്കില്ല. ഇത്തരം തര്‍ക്കങ്ങളില്‍ കോടതിയുടെ ഇടപെടലുകള്‍ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം. ഇസ്‌ലാം പിന്തുടരുന്നവര്‍ സത്യം സമ്മതിക്കുകയും ഭൂമി തിരികെ നല്‍കുകയും വേണം. അതാണ് പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും ആണിക്കല്ല്. ഹിന്ദുക്കള്‍ക്ക് വിശുദ്ധമായ സ്ഥലങ്ങള്‍ ഹിന്ദുക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ആ ശബ്ദം കേള്‍ക്കണം.''- യോഗി പറഞ്ഞു.

Tags:    

Similar News