കര്‍ണാടകയില്‍ 196 ശ്രീരാമസേനാ പ്രവര്‍ത്തകര്‍ക്ക് തോക്കുപരിശീലനം നല്‍കി; 12 നേതാക്കള്‍ക്കെതിരേ കേസ് (വീഡിയോ)
ബംഗളൂരു: കര്‍ണാടകയിലെ ബഗല്‍ക്കോട്ടില്‍ തോക്കുകള്‍ അടക്കം ഉപയോഗിച്ച് ആയുധപരിശീലന ക്യാംപ് നടത്തിയ ശ്രീരാമസേനയുടെ 12 നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. ഡിസംബര്‍ 25 മുതല്‍ 29 വരെ ബഗല്‍ക്കോട്ടിലെ ജാംഖണ്ഡിയിലെ തോഡല്‍ബാഗി ഗ്രാമത്തില്‍ നടന്ന കാംപില്‍ 196 പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കിയതായി പോലിസ് കണ്ടെത്തി. ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ആള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് ഡിജിപി അലോക് മോഹന് നല്‍കിയ പരാതിയിലാണ് കേസ്.
അന്വേഷണത്തിന്റെ ഭാഗമായി ക്യാംപ് നടന്ന കൃഷിയിടത്തിന്റെ ഉടമയേയും പോലിസ് ചോദ്യം ചെയ്തിരുന്നു. തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചത്. വ്യക്തിത്വ വികസന പരിപാടിയുടെ ഭാഗമായി തോക്ക് ഉപയോഗിക്കാനുള്‍പ്പെടെ പരിശീലനം നല്‍കാറുണ്ടെന്ന് ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിഖ് പറഞ്ഞു.
ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദ് മുത്തലിഖാണ് 2005ല്‍ ശ്രീരാമസേന രൂപീകരിച്ചത്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദലിതുകള്‍ക്കും എതിരേ നിരവധി ആക്രമണങ്ങള്‍ ഈ സംഘടന നടത്തി. ഇന്ത്യന്‍ പാരമ്പര്യം ലംഘിച്ചുവെന്നാരോപിച്ച് ഒരു ഹിന്ദു പെണ്‍കുട്ടിയെ 2009ല്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതോടെയാണ് ഈ സംഘടനയെ കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലും ഈ സംഘടനയുടെ പങ്ക് കണ്ടെത്തിയിരുന്നു. പ്രമോദ് മുത്തലിഖിനെതിരേ കര്‍ണാടകയില്‍ 45 കേസുകളുണ്ട്. മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് 2022ല്‍ മുത്തലിഖ് ആഹ്വാനം ചെയ്തിരുന്നു.
രണ്ടുവര്‍ഷം മുമ്പ് മടിക്കേരിയിലെ ഒരു സ്‌കൂളില്‍ സംഘപരിവാര സംഘടനയായ വിശ്വ ഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദള്‍ ആയുധപരിശീലനം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് ആയുധശാരീരിക പരിശീലനം നല്‍കുമെന്ന് 2021ല്‍ പ്രമോദ് മുത്തലിഖും പ്രഖ്യാപിച്ചു.
Full View